ഭൂമി, വെള്ളം, വാഹനം.. നികുതി ഭാരം കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോള്‍ നികുതി ഭാരം കൂടും. ഇരട്ടിയിൽ ഏറെ വർധനവാണ് ഭൂനികുതിയിൽ അടക്കം വരുന്നത്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി വർധനവോടെ 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 10 ശതമാനം വര്‍ധനവ് ഭൂമിയുടെ ന്യായവിലയില്‍ നടപ്പാക്കും. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്ന് പ്രതീക്ഷ വെക്കുന്നു.
ഭൂസംബന്ധമായ രേഖകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയാകും അടിസ്ഥാന ഭൂനികുതിയിൽ പരിഷ്കരണം കൊണ്ടുവരിക. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ സൂക്ഷ്മതയോടെ ഉറപ്പുവരുത്തുന്നതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെയുള്ള അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. 339 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിലവിലുള്ള വിപണി മൂല്യവുമായി ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും പൊരുത്തപ്പെടുന്നില്ല എന്ന പ്രശ്നവും ഉന്നയിക്കപ്പെടുന്നുണ്ട്. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതികളുടെയെല്ലാം ഫലമായി സമീപ പ്രദേശങ്ങളിലെ വിപണിമൂല്യം പലമടങ്ങായി വർധിച്ചിട്ടുണ്ട്. നിലവിലുള്ള ന്യായവിലയില്‍ എല്ലാ വിഭാഗങ്ങളിലും 10% ഒറ്റ തവണയായി വര്‍ധന നടപ്പിലാക്കും. ഈ നീക്കത്തിലൂടെ 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ വെക്കുന്നത്.
വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കുകളും വർധിക്കും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വിലയും വെള്ളിയാഴ്ച മുതൽ ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഇതോട് കൂടി ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും. കൂട്ടിയ വെള്ളക്കരവും നാളെ മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനമാണ് വർധനവാണ് നാളെ മുതൽ നടപ്പിൽ വരിക. പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽ വരും. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് നിരക്കുകള്‍ എന്നിവയിലും വർധനവ് നാളെ മുതൽ നിലവിൽ വരും. ഡിജിറ്റൽ ആസ്തികൾക്ക് മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.












Click it and Unblock the Notifications