മാര്‍ച്ച് ആറ് മുതല്‍ തിരുവനന്തപുരത്ത് സമ്പൂര്‍ണ മദ്യനിരോധനം; കാരണം ഇതാണ്
മാര്‍ച്ച് ആറ് വൈകീട്ട് 6 മണി മുതല്‍ മാര്‍ച്ച് 7 വൈകീട്ട് ആറ് വരെ തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ പരിധിയിലെ ചില വാര്‍ഡുകളില്‍ മദ്യ നിരോധനം.

തിരുവനന്തപുരം: മാര്‍ച്ച് ആറ് വൈകീട്ട് 6 മണി മുതല്‍ മാര്‍ച്ച് 7 വൈകീട്ട് ആറ് വരെ തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ പരിധിയിലെ ചില വാര്‍ഡുകളില്‍ മദ്യ നിരോധനം. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചാണ് തീരുമാനം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് ആറ് വൈകിട്ട് ആറ് മുതല്‍ മാര്‍ച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പന ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിറക്കി.
ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളില്‍ ഈ ദിവസങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തുണ്ട്.
ഇതിനായി ഫെബ്രുവരി 27 മുതല്‍ ഉത്സവ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കും. ഉത്സവ മേഖലകളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനകള്‍ക്കായി പ്രത്യേക സംഘമെത്തും. അന്നദാനവും താത്കാലിക കടകളും നടത്തുന്നവര്‍ക്ക് ലൈസന്‍സ് / രജിസ്ട്രേഷന്‍ എടുക്കുന്നതിന് തിങ്കളാഴ്ച (ഫെബ്രുവരി 27) മുതല്‍ ക്ഷേത്രപരിസരത്തുള്ള കണ്‍ട്രോള്‍ റൂമില്‍ അക്ഷയ കേന്ദ്രം തുറക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പ്രവര്‍ത്തന സമയം.
നിശ്ചിത ഗുണനിലവാരമുള്ളതും ലേബല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യ വസ്തുക്കള്‍ മാത്രം പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണമെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അറിയിച്ചു.
സുരക്ഷിത ഭക്ഷണത്തിനായി പരിശീലനം
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷിത ഭക്ഷണം ഭക്തജനങ്ങള്‍ക്ക് നല്‍കുന്നതിന്, അന്നദാനം നടത്തുന്നവര്‍ക്കും താത്കാലിക കടകള്‍ നടത്തുന്നവര്‍ക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നല്‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ നടന്ന പരിശീലന പരിപാടിയില്‍ 60 പേര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications