ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഭക്തർക്ക് കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. അരളിയിൽ വിഷാംശം ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ തീരുമാനം. അതേ സമയം പൂജയ്ക്ക് അരളിപ്പൂ തുടർന്നും ഉപയോഗിക്കാമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.
അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന ഫലം വന്നതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. വിഷാംശം സംബന്ധിച്ച വാർത്തകൾ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം ചർച്ച ചെയ്തത്.

ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ച് യുവതിയുടെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാവെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കും ഒപ്പം അരളിയും അർപ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ട് ചവച്ചത് മൂലനാണ് മരണം എന്നാണ് നിഗമനം.
സംസ്ഥാനത്തെ ചില ക്ഷേത്രങ്ങലിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ട് മുതലെ അരളി പൂജയ്ക്കോ മാല ചാർത്താനോ ഉപയോഗിക്കാറില്ല












Click it and Unblock the Notifications