ക്ഷേത്രപ്രവേശന വാർഷിക നോട്ടീസ്; വിവാദത്തിന് പിന്നാലെ നോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസ് വിവാദത്തിനെ തുടർന്ന് പിൻവലിച്ചു. വിവാദം ശക്തമായതിന് പിന്നാലെയാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയത്. ഉള്ളടക്കത്തിൽ ഉണ്ടായ പിഴവ് ദേവസ്വം സെക്രട്ടറി അന്വേഷിക്കും.
തിരുവിതാംകൂർ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരി പാർവതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററിൽ പ്രതിപാദിച്ചിരിക്കുന്നത്, ക്ഷേത്ര പ്രവേശന വിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതന ധർമം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്ന രാജകൽപനയുടെ ഭാഗമാണെന്നും പറയുന്നു.

ചടങ്ങിൽ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായിയും എന്നാണ് നോട്ടീസിൽ പറയുന്നത്.
നോട്ടീസ് വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. തിങ്കളാഴ്ച നന്തൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപനാണ് പരിപാട് ഉദ്ഘാടനം ചെയ്യുന്നത്.
പ്രയോഗങ്ങളിൽ ചില പിഴവുണ്ടാണെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി മധുസൂദനൻ നായർ സമ്മതിച്ചിരുന്നു. നോട്ടീസ് ഇറക്കിയതിനെ കുറിച്ച് പരിശോധിക്കാനാണ് ബോർഡ് തീരുമാനം. നേരത്തെ നോട്ടീസിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മനസ്സിൽ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടെന്ന് പോവില്ല, അതിങ്ങനെ തികട്ടിവരും. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കിൽ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ബോർഡ് പ്രസിഡൻറ് കെ.അനന്ത ഗോപനുമായി മന്ത്രി സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നോട്ടിസ് പിൻവലിക്കുന്നത്.












Click it and Unblock the Notifications