പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം തുടങ്ങി; എല്ലാ കവാടങ്ങളും ഉപരോധിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം തുടങ്ങി. ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കും എതിരെ ആണ് സമരമെന്നാണ് യുഡിഎഫ് അറിയിച്ചത്. സെക്രട്ടറിയറ്റിൻറെ എല്ലാ കവാടങ്ങളും ഉപരോധിക്കും. രാവിലെ ഏഴ് മണിക്ക് തന്നെ യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിൽ എത്തിത്തുടങ്ങിയിരുന്നു. മഹിള കോൺഗ്രസ് പ്രവർത്തകരാണ് രാവിലെ സമരം ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ ആണ് സെക്രട്ടേറിയറ്റിൻറെ പ്രധാന ഗേറ്റുകളിൽ പ്രതിഷേധിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുമുള്ള യുഡിഎഫ് പ്രവർത്തകരും പങ്കെടുക്കും. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഏതെല്ലാം ഗേറ്റുകളിൽ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിൻറെ സെക്രട്ടേറിയറ്റ് ഉപരോധം, സർക്കാറിൻറെ രണ്ടാം വാർഷികാഘോഷവും ആയി ബന്ധപ്പെട്ട റാലി എന്നിവ കണക്കിലെടുത്താണ് ജില്ലയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. യുഡിഎഫിൻറെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രാവിലെ ആറ് മുതൽ പാളയം- സ്റ്റാച്യു- ഓവർ ബ്രിഡ്ജ് വരെയുള്ള എം.ജി റോഡിൽ ആണു നിയന്ത്രണം.
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗം ആയി സിപിഎമ്മിൻറെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് 5 ന് ടക്കുന്ന റാലിയും പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് വൈകുന്നേരം 3 മണി മുതൽ നഗരത്തിലെ എം.ജി റോഡിൽ നിയന്ത്രണമുണ്ട്. മണക്കാട്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂർ, പവർഹൗസ് റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധ റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പാളയം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടട വാഹനങ്ങൾ പബ്ലിക് ലെെബ്രറി-പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ-പനവിള-തമ്പാനൂർ വഴി പോകാനാണ് അറിയപ്പ്. സ്റ്റാച്യൂ ഭാഗത്ത് ഗതാഗത തടസ്സമുണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് ഇത്. ചാക്ക ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറ്റൂർ-വഞ്ചിയൂർ വഴി പോകണം, ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലെെഓവർ വഴിയാണ് പോകാൻ അറിയിപ്പ് , വെള്ളയമ്പലം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴുതക്കാട് -തെെക്കാട് -തമ്പാനൂർ വഴിയും പോകണം എന്നും സിറ്റി പോലീസ് അറിയിച്ചു.












Click it and Unblock the Notifications