വൃത്തിയില്ലാത്ത അടുക്കള, മുറ്റം നിറയെ കരിയില; പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: പൊതുമരാമത്തിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ പൊതുജനത്തിന് കൂടി തുറന്നു കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്തെ പൊതുമാരമ്ത്ത് റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ റസ്റ്റ് ഹൗസിന്റെ മുന്‍വശം മുഴുവനും കരിയില വീണ വൃത്തിരഹിതമായി കിടക്കുകയാണെന്ന് കണ്ടെത്തി. അടുക്കളയില്‍ കയറി പരിശോധന നടത്തിയ മന്ത്രി ശരിയായി വൃത്തിയാക്കിയില്ലെന്ന് കണ്ടെത്തി. ഭക്ഷണം കഴിക്കുന്ന സ്ഥലവും വേണ്ടത്ര രീതിയില്‍ വൃത്തിയാക്കിയിട്ടുണ്ടായിരുന്നില്ല.

മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും റസ്റ്റ് ഹൗസും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിന് ജീവനക്കാരെ മന്ത്രി ശകാരിച്ചു. സര്‍ക്കാര്‍ ഒരു കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ഉദ്യോഗസ്ഥര്‍ അതിന്റെ കൂടെ നില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് അതിനെ പൊളിക്കാന്‍ ശ്രമിക്കരുതെന്നും ജീവനക്കാരോട് മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു. ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളില്‍ മുഴുവന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ ( നവംബര്‍ ഒന്നിന് ) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.












Click it and Unblock the Notifications