വഞ്ചിയൂര്‍ ലൈംഗികാതിക്രമം: അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്ത്രീക്കെതിരെ ലൈംഗികാതിക്രമമുണ്ടായിട്ടും നടപടിയെടുക്കാതെ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വഞ്ചിയൂരില്‍ വച്ചാണ് സംഭവം. തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആക്രമിക്കപ്പെട്ട കാര്യം സ്ത്രീ അറിയിച്ചതിന് പിന്നാലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും സ്ഥലത്ത് എത്തിയിരുന്നു.
എന്നാല്‍ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണോനോ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പൊലീസുകാര്‍ തയ്യാറായില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ തന്വനെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസെടുത്തത്.
കഴിഞ്ഞ13 ന് രാത്രി 11 മണിക്കാണ് സംഭവം. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി പേട്ട പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞെങ്കിലും മേല്‍വിലാസം ചോദിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഒരുമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തില്‍ വനിത കമ്മിഷനും ഇടപെട്ടിട്ടുണ്ട്. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.












Click it and Unblock the Notifications