വർക്കല എം.എൽ.എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: വർക്കല എം.എൽ.എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിൽ ആണ് ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
വ്യാഴാഴ്ച രാവിലെ എ.കെ.ജി സെന്ററിൽ ചേർന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുത്തു.

യോഗത്തിൽ സംസ്ഥാന നേതൃത്വം തന്നെയാണ് വി.ജോയിയുടെ പേര് മുന്നോട്ടുവച്ചത് എന്നാണ് സൂചന. വി.ജോയിയെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് തന്നെ യോഗം ചേരും.
തിരുവനന്തപുരംത്ത് പാർട്ടിയിൽ സംഘടനാപരമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണ് നിലവിൽ. മേയർ ആര്യ രാജേന്ദ്രൻ ആനാവൂർ നാഗപ്പന് എഴുതിയെന്ന പറയുന്ന കത്തിന്റെ മേലുള്ള വിവാദവും ഡിവൈഎഫ്‌ഐയിലെ ലഹരിമാഫിയ ബന്ധവും വലിയ വിവാദമാകുകയും നടപടി വൈകിയത് ചർച്ചയാകുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം തന്നെ തിരുത്തൽ നടപടി നിർദേശിച്ചതിനെ തുടർന്നാണ് ആരോപണവിധേയർക്കെതിരെ ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡിആർ അനിൽ രാജിവച്ചിരുന്നു. രാജികത്ത് ഡിആർ അനിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് ആണ് കൈമാറിയത്. നേരത്തെ തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഡിആർ അനിലിനെ ചുമതലയിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്












Click it and Unblock the Notifications