ബിജെപിയുടെ തന്ത്രങ്ങളെല്ലാം ചീറ്റി, തലസ്ഥാനത്ത് ഇടതിന്റെ തേരോട്ടം, തകർന്ന് തരിപ്പണമായി കോൺഗ്രസ്
തിരുവനന്തപുരം: ആവനാഴിയിലെ എല്ലാ ആയുധങ്ങളും ബിജെപി ഇക്കുറി എടുത്ത് പ്രയോഗിച്ചു. ബിജെപി ദേശീയ നേതൃത്വമടക്കം ഉറ്റ് നോക്കിയത് തിരുവനന്തപുരത്തേക്കാണ്. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചാല്‍ ബിജെപിക്കത് കേരളം പിടിച്ചതിന് തുല്യമായേനെ..
എന്നാല്‍ മല പോലെ വന്നത് എലി പോലെ പോയി. സര്‍വ്വ സന്നാഹവും ഇറക്കിയിട്ടും തിരുവനന്തപുരം ബിജെപിക്ക് കിട്ടാക്കനിയായി. തലസ്ഥാനവും ചുവപ്പില്‍ മുങ്ങി. കേവല ഭൂരിപക്ഷവും കടന്നാണ് ഇക്കുറി ഇടത് പക്ഷം തിരുവനന്തപുരത്ത് കോർപറേഷനിൽ അധികാരം ഉറപ്പിച്ചത്. തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന തിരിച്ചടിയാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്. വിശദമായി അറിയാം.

വൻ ആത്മവിശ്വാസത്തിൽ
കേരളത്തില്‍ ആദ്യമായി ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിച്ച ജില്ലയാണ് തിരുവനന്തപുരം. ശക്തമായ വേരോട്ടമുണ്ടെന്ന് ബിജെപി അവകാശപ്പെടുന്ന ജില്ല. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം കൈ മുതലാക്കിയാണ് ഇത്തവണ ബിജെപി മത്സര രംഗത്ത് ഇറങ്ങിയത്.

മോദിയെ സ്വീകരിക്കാൻ ബിജെപി മേയർ
കെ സുരേന്ദ്രന്‍ മുതലിങ്ങോട്ടുളള നേതാക്കള്‍ തിരുവനന്തുപുരം കോര്‍പറേഷന്‍ ബിജെപി ഇക്കുറി ഭരിക്കുമെന്ന് ആവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടറി എസ് സുരേഷിനേയും വിവി രാജേഷിനേയും പോലെയുളള മുന്‍നിരക്കാരെ തന്നെ ബിജെപി തലസ്ഥാനത്ത് മത്സരിക്കാനിറക്കി. ഇക്കുറി മേയര്‍ ബിജെപിക്കാരനാവുമെന്ന് എസ് സുരേഷും ഇനി മോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കുക ബിജെപിക്കാരനായ മേയറാകുമെന്ന് നടന്‍ കൃഷ്ണകുമാറും അവകാശവാദം ഉയര്‍ത്തി.

പെട്ടി തുറന്നപ്പോൾ പൊട്ടി
ആര്‍എസ്എസ് സജീവമായി പ്രചാരണ രംഗത്ത് ഇറങ്ങി. സ്വര്‍ണ്ണക്കടത്ത് മുതല്‍ ശബരിമല വരെ ബിജെപി പ്രചാരണ ആയുധമാക്കി. വിജയിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലുമാവും എന്നുളള ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ ഞെട്ടാനുളളതൊന്നും ഇക്കുറി തിരുവനന്തപുരം ജില്ലയിലുണ്ടായില്ല.

ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ്
വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തി. കഴിഞ്ഞ തവണ 43 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇക്കുറി 51 സീറ്റുകളിലാണ് എല്‍ഡിഎഫ് നേട്ടം കൊയ്ത് ഭരണം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ എന്‍ഡിഎ 34 സീറ്റുകളില്‍ വിജയിച്ചു. 10 സീറ്റുകള്‍ നേടിയ യുഡിഎഫിന് നഷ്ടമായത് 2015ലേതിനേക്കാളും 11 സീറ്റുകള്‍.

11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിലും
ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 51 ഗ്രാമപഞ്ചായത്തുകളിലാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫിന് ജയം. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കൊയ്തു. ജില്ലാ പഞ്ചായത്തിലും വിജയം എല്‍ഡിഎഫിനൊപ്പം തന്നെ നിന്നു.
Recommended Video

നാല് നഗരസഭകളിലും എല്‍ഡിഎഫ് മുന്നേറ്റം
ജില്ലയിലെ നാല് നഗരസഭകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. അതേസമയം കേവല ഭൂരിപക്ഷം മറികടന്ന് വിജയം ഉറപ്പിക്കാനായത് രണ്ട് നഗരസഭകളിലാണ്. ആറ്റിങ്ങലും നെടുമങ്ങാടും. ശക്തമായ മത്സരം നടന്ന വര്‍ക്കല മുന്‍സിപ്പാലിറ്റിയിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലും ആര്‍ക്കും ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യമാണ്. നാല് നഗരസഭകളിലും ബിജെപി ശക്തി നേടുന്നുവെന്നത് നിര്‍ണായകമാണ്.












Click it and Unblock the Notifications