9 അടി നീളം, 20 കിലോ ഭാരം; കോഴിക്കൂട്ടിൽ ഭീമൻ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി റോഷ്നി
തിരുവനന്തപുരം: വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. ആര്യനാട് കുറ്റിച്ചൽ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴി കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ ആറരയോടെ
സതീശൻ ആശാരി കൂട്ടിൽ നിന്ന് കോഴികളെ തുറന്നുവിടാൻ പോയപ്പോഴാണ് പാമ്പിനെ കണ്ടത്. കൂട്ടിൽ 25 ഓളം കോഴികളാണ് ഉണ്ടായിരുന്നത്.
കൂട്ടിലെ രണ്ട് കോഴികളെ പാമ്പ് കൊന്ന് ഇട്ടിരുന്നു. രണ്ട് കോഴികളെ പാമ്പ് വിഴുങ്ങുകയും ചെയ്തിരുന്നതായി സതീശൻ പറയുന്നു. തൊട്ടുപിന്നാലെ സതീശൻ കൂട് അടച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ പരുത്തിപള്ളി ആർ ആർ ടി ടീം അംഗമായ റോഷ്നി സംഭവ സ്ഥലത്ത് എത്തി.

പാമ്പിനെ കോഴിക്കൂട്ടിൽ നിന്ന് പുറത്തിറക്കാൻ വളരെ ബുദ്ധിമുട്ടി. പുറത്തിറക്കിയ ശേഷം റോഷിന് പാമ്പിനെ പിടികൂടി. പാമ്പിന് ഒമ്പത് അടി നീളവും 20 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നുവെന്ന് റോഷ്നി പറഞ്ഞു. പാമ്പിനെ ഉൾവനത്തിൽ തുറന്നുവിട്ടു.
അതേസമയം, മഴ സമയത്ത് പെരുമ്പാമ്പ് തീറ്റ തേടി ഇറങ്ങാറുണ്ട് എന്നും ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം പെരുന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നും പത്ത് മൂർഖൻ പാമ്പ് കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. എട്ട് രോഗികളാണ് സർജിക്കൽ വാർഡിൽ കിടത്തി ചികിത്സയിലുണ്ടായിരുന്നത്. ഇവരെ ഇവിടെ നിന്ന് മെഡിക്കൽവാർഡിലേക്ക് മാറ്റുകയായിരുന്നു.
ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരുമാണ് പാമ്പുകളെ പിടിച്ചത്. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷൻ വാർഡിൽ നിന്നും പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. നിലത്ത് പാകിയ ടൈലുകൾക്കിടയിൽ മാളങ്ങളുള്ള നിലയിൽ ആണ് സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയായിരുന്നു.












Click it and Unblock the Notifications