പരസ്യമായി പൊലീസുകാരന്‍ ലഹരി ഉപയോഗിക്കുന്ന വീഡിയോ: കേരള പൊലീസ് അല്ലെന്ന് വിശദീകരണം
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സമീപത്ത് നിന്ന് പരസ്യമായി ലഹരി ഉപയോഗിക്കുന്നു പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരള പൊലീസിലെ ഉദ്യോഗസ്ഥന്റെ വീഡിയോ ആണിതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.
കേരള പൊലീസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ വീഡിയോ ആണെന്നും മറ്റൊരു സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഉള്ള കാറില്‍ വന്ന ഇതര സംസ്ഥാന പോലീസ് യൂണിഫോമില്‍ വന്ന ആളാണ് വീഡിയോയില്‍ കാണുന്നതെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. കേരളാ പോലീസിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്തി പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത പൊതു സമൂഹം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വെമ്പായം എന്ന സ്ഥലത്ത് ഒരാള്‍ പോലീസ് യൂണിഫോമില്‍ പാന്‍ മസാല പോലെ എതോ സാധനം ഉപയോഗിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇയാളുടെ സമീപത്ത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. തത്സമയത്തെ സി സി ടി വി വിഷ്യല്‍സ് പരിശോധിച്ചപ്പോഴാണ് കേരള പൊലീസ് അല്ലെന്ന് വ്യക്തമായത്.
പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പ്
ഇന്ന് രാവിലെ മുതല്‍ (22/10/2022 ) സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വെമ്പായം എന്ന സ്ഥലത്ത് ഒരാള്‍ പോലീസ് യൂണിഫോമില്‍ പാന്‍ മസാല പോലെ എതോ സാധനം ഉപയോഗിക്കുന്നതായി ഉള്ള വീഡിയോ കാണുകയും, തുടര്‍ന്ന് വീഡിയോയിലെ യൂണിഫോമിലുള്ള വ്യത്യസ്തത ശ്രദ്ധയില്‍ പെട്ടപ്പൊള്‍ സ്ഥലത്ത് പോയി അന്വേഷണം നടത്തുകയും, തത്സമയത്തെ സി സി ടി വി വിഷ്യല്‍സ് പരിശോധിക്കുകയും ചെയ്തിട്ടുള്ളും, സി സി ടി വി പരിശോധിച്ചതില്‍ മറ്റൊരു സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഉള്ള ഒരു കാറില്‍ വന്ന ഇതര സംസ്ഥാന പോലീസ് യൂണിഫോമില്‍ വന്ന ആളാണ് വീഡിയോയില്‍ ഉള്‍പ്പെട്ടത് എന്ന് കാണുകയും ആയതില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളതുമാണ്. എന്നാല്‍ കേരളാ പോലീസിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്തി പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത പൊതു സമൂഹം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications