വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍; മുട്ടത്തറയില്‍ ഫ്ളാറ്റ്: 5500 രൂപ വാടക, വീടിന് 10 ലക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കുന്നതിന് എട്ട് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും 335 കുടുംബങ്ങള്‍ക്ക് 5500 രൂപ പ്രതിമാസം വീട്ടുവാടക നല്‍കാനും തീരുമാനമായി. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിക്കും. ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനും ധാരണയായിട്ടുണ്ട്.

നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് വീട് ലഭിക്കുംവരെ 5,500 രൂപ പ്രതിമാസ വാടക നല്‍കുക. ഇതോടൊപ്പം സ്വന്തമായി വീട് വെക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപയും നല്‍കും. വിഴിഞ്ഞ പദ്ധതിക്കെതിരായ നാട്ടുകാരുടെ സമരം 16 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിലേക്ക് മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം നല്‍കും. ഇതിനാവശ്യമായ തുക റവന്യു (ദുരന്ത നിവാരണം), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകള്‍ അടിയന്തിരമായി കണ്ടെത്തി വിതരണം നടത്തും. ഇതിന പുറമെ ബോട്ട് ലാന്‍ഡിംഗ് സ്റ്റേഷന്‍, സബ്സിഡി നിരക്കില്‍ ഇന്ധനത്തിന് ഊര്‍ജ പാര്‍ക്ക് എന്നിവ ഉള്‍പ്പെട്ട പുനരധിവാസ പാക്കേജാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്.
അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിതല സമിതി രണ്ട് തവണ ലത്തീന്‍ അതിരൂപത പ്രതിനിധികളടക്കമുള്ളവരായി ചര്‍ച്ച നടത്തിയിരുന്നു. ഒരു തവണ സഭാ നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ട് നിന്നിരുന്നു. അതിനിടെ വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തുറമുഖ നിര്‍മാണം നിര്‍ത്തി വെക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications