'കാമുകൻ അയച്ച് കൊടുത്ത വിഷം ഭാര്യ ഹോർലിക്സിൽ കലക്കി കൊടുത്തു'; പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ
തിരുവനന്തപുരം: കാമുകൻ അയച്ച് കൊടുത്ത വിഷം ഭാര്യ ഹോർലിക്സിൽ കലക്കി നൽകിയെന്ന പരാതിയുമായി കെ എസ് ആർ ടി സി ഡ്രൈവർ. നെടുവാൻവിള അയണിമൂട് സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സുധീറാണ് പരാതി നൽകിയത്. പാറശാലയിൽ കാമുകന് യുവതി കഷായത്തിൽ വിഷം കഴിച്ച സംഭവം ഏറെ ചർച്ചയായതോടെയാണ് വീണ്ടും സുധീർ പോലീസിൽ പരാതി ഉന്നയിച്ചത്. സംഭവം ഇങ്ങനെ

2018 ജുലൈയിൽ ഭാര്യ തനിക്ക് ഹോർലിക്സിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സുധീറിന്റെ പരാതിയിൽ പറയുന്നത്. ഭാര്യയുടെ കാമുകന്റെ നിർദ്ദേശപ്രകാരമാണ് വിഷയം നൽകിയതെന്നും പരാതിയിൽ ഉണ്ട്. ഭാര്യ ശാന്തിയും കാമുകൻ മുരുകനും തമിഴ്നാട് ശിവകാശി സ്വദേശികളാണ്. ഭാര്യ വീട് വിട്ട് പോയപ്പോൾ വീട്ടിൽ നിന്നും സിറിഞ്ചും നീഡിലും അലൂമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയെന്നും സുധീർ പറയുന്നു.

ഭാര്യ നൽകിയിരുന്ന ഹോർലിക്സ് കുടിക്കുമ്പോൾ പലപ്പോഴും തലവേദനയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെടാറുണ്ടെന്നും സുധീർ പറയുന്നു. ദേഹാസ്യസ്ഥ്യത്തെ തുടർന്ന് പാറശാല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നത്രേ. മെഡിക്കൽ കോളേജിൽ വെറ്റിലേറ്ററിൽ കിടന്നതായും സുധീർ പരാതിയിൽ പറയുന്നുണ്ട്.

ദേഹാസ്വസ്ഥ്യത്തിന് കാരണം അലൂമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണെന്ന മെഡിക്കൽ റിപ്പോർട്ടുകളും സുധീർ പരാതിയ്ക്കൊപ്പം പോലീസിന് നൽകിയിട്ടുണ്ട്. തനിക്ക് തരാനുള്ള വിഷപദാർത്ഥം മുരുകൻ തമിഴ്നാട്ടിൽ നിന്നും കൊറിയറായി ശാന്തിക്ക് യച്ചുകൊടുക്കുകയായിരുന്നുവെന്നും ഇതിന്റെ തെളിവ് തന്റെ പക്കൽ ഉണ്ടെന്നും സുധീർ പരാതിയിൽ അവകാശപ്പെട്ടു.

സംശയത്തെ തുടർന്ന് ആറുമാസം മുൻപായിരുന്നു സുധീർ പോലീസിൽ പരാതി നൽകിയത്. പാറശാല പോലീസിലായിരുന്നു പരാതി കൊടുത്തത്. എന്നാൽ തന്റെ കൈയ്യിലുള്ള എല്ലാ തെളിവുകളും പോലീസിന് നൽകിയിട്ടും കേസിൽ യാതൊരു നടപടിയോ അന്വേഷണമോ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് സുധീർ പറയുന്നു. ഇതിനിടയിലാണ് പാറശാല ഷാരോൺ വധക്കേസ് വലിയ രീതിയിൽ ചർച്ചയാകുന്നത്.

കഷായത്തിൽ വിഷം കലർത്തിയാണ് ഷാരോണിനെ ഗ്രീഷ്മ ഇല്ലാതാക്കിയതെന്ന വാർത്ത വന്നതോടെയാണ് വീണ്ടും സുധീർ പോലീസിനെ സമീപിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര പോലീസിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ സുധീറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഷാരോൺ കേസ്. ഡിഗ്രി വിദ്യാർത്ഥിയായ പാറശാല ഷാരോൺ എന്ന യുവാവിനെ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മറ്റൊരു വിവാഹ ജീവിതത്തിന് വേണ്ടിയായിരുന്നു ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.












Click it and Unblock the Notifications