ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന: യുവാവ് പിടിയിൽ, പിടിച്ചെടുത്തത് 30 ഗ്രാം കഞ്ചാവ്!!
ആര്യനാട്: ഉഴമലയ്ക്കൽ പഞ്ചായത്തിലെ വവിധ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്കൂൾകുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന യുവാവ് പിടിയിൽ. പനയ്ക്കോട് എസ്.എൻ.നഗർ ആഞ്ജനേയം വീട്ടിൽ അപ്പൂസ് എന്ന വിഷ്ണു(20)ആണ് ശനിയാഴ്ച രാത്രി 7.30 ഓടെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ എ.പി. ഷാജഹാനും സംഘവും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളിൽ നിന്ന് 30ഗ്രാം കഞ്ചാവും വില്പന നടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങളെപ്പറ്റി എക്സൈസിന് നേരത്തേ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.

വില്പന സംഘത്തിലെ ചെറിയ കണ്ണിയാണ് പിടിയിലായതെങ്കിലും വൻ സംഘങ്ങൾ ഈ പ്രദേശത്തുണ്ടെന്നും വരും ദിവസങ്ങളിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്നും എക്സൈസ് അധികാരികൾ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സതീഷ് കുമാർ, സുധീർഖാൻ, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.












Click it and Unblock the Notifications