തുമ്പയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പോത്തൻകോട്: ഒന്നര കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ തുമ്പ പൊലീസ് അറസ്റ്റുചെയ്തു. മലയിൻകീഴ് വിളവൂർക്കൽ ആൽത്തറ ദേവീ ക്ഷേത്രത്തിന് സമീപം സോഫിൻ നിവാസിൽ സോഫിൻ (24) നെയാണ് പൊലീസ് പിടികൂടിയത്. നമ്പരില്ലാത്ത സ്കൂട്ടറിൽ കഞ്ചാവുമായി പോവുകയായിരുന്ന പ്രതി വാഹന പരിശോധനക്കിടെ പൊലീസ് കൈ കാണിച്ചിട്ടും നിറുത്താതെ പോവുകയായിരുന്നു. തുടർന്ന് സ്ക്കൂട്ടറിനെ പിൻതുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ഒന്നര കിലോയോളം തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തത്.
വേളി ടൂറിസ്റ്റ് വില്ലേജ്, ടെക്നോപാർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനക്കായാണ് കഞ്ചാവ് എത്തിച്ചതെന്നും ഇയാളിൽ നിന്ന് കഞ്ചാവ് മേടിക്കുന്ന ചില്ലറ കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചതായും തുമ്പ എസ് .ഐ കെ ജി പ്രതാപചന്ദ്രൻ പറഞ്ഞു.

കരമന, കാട്ടാക്കട , നരുവാമൂട് ,മലയിൻകീഴ് സ്റ്റേഷനുകളിൽ കൊലക്കേസ്, മോഷണം കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു .എസ് ഐ മാരായ എസ്.കുമാരൻ, എം, ഷാജഹാൻ. സി പി ഒ. മാരായ അരുൺ എം നായർ , ആർ. രാജേഷ് , ബിനു, ശ്രീദേവി ,എ.നവാസ് , എം.ജാസ്മിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications