യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു
പാലോട് : യുവതിയെ ഫോണിൽ ശല്യപ്പെടുത്തിയത് ചേദ്യം ചെയ്ത സുഹൃത്തിനെ പത്തംഗ സംഘം അടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ നന്ദിയോട് പ്ലാവറ ശാസ്താ ഹൗസിൽ സജിത്തിനെ (27) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫ്‌ളാഷ് പാലോട് ഏജൻറ് ബിന്ദുവിന്റെ മകനാണ്. കുടവനാട് സ്വദേശിനിയായ യുവതിയെ ജവഹർകോളനിയിലെ ചിലരാണ് ഫോണിൽ ശല്യപ്പെടുത്തിയതെന്ന് പാലോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ അടുത്ത ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സജിത്ത് ശല്യക്കാരെ ചോദ്യം ചെയ്യുകയും താക്കീത് നല്കുകയുമായിരുന്നുവത്രെ.

കൊത്തപ്പണികാരനായ സജിത്ത് കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ജവഹർകോളനിയിലെ സംഘത്തിൽപ്പെട്ടവർ ഫോണിൽ വിളിച്ച് പാലോട് ജംഗ്‌ഷനിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. വിഷയം പറഞ്ഞു തീർക്കാനാണ് എന്നാണ് ഫോൺ വിളിച്ചയാൾ അറിയിച്ചത്.ഇതനുസരിച്ച് കുശവൂർ ക്ഷേത്രം റോഡിലെത്തിയ സജിത്തിനെ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും വയറ്റിൽ കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു.നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് സജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി പാലോട് പൊലീസ് അറിയിച്ചു.സജിത്തിനെതിരെ ജവഹർകോളനി സ്വദേശികളും പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications