ഗജകേസരികള്‍ക്കിനി സുഖചികിത്സാ കാലം; ആദ്യ ഔഷധ ഉരുള കൊമ്പന്‍ വിഷ്‌ണുവിന്, ഒരു മാസക്കാലം ഒൗഷധക്കൂട്ട്
തൃശൂര്‍: ഗുരുവായൂര്‍ ആനത്തറവാട്ടിലെ ഗജകേസരികള്‍ക്കിനി സുഖചികിത്സയുടെ കാലം. ആനക്കോട്ടയിലെ ആനകള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന സുഖ ചികിത്സ ആരംഭിച്ചു. ചികിത്സ പി.കെ. ബിജു എം.പി. ഉദ്‌ഘാടനം ചെയ്‌തു. ആദ്യ ഔഷധ ഉരുള കൊമ്പന്‍ വിഷ്‌ണുവിന് എം.പി. നല്‍കി സുഖചികിത്സയ്‌ക്ക് തുടക്കമിട്ടു. ഇനി ഒരു മാസക്കാലം ആനത്താവളത്തില്‍ ഔഷധക്കൂട്ടിന്റെ പ്രയോഗം.
ചവനപ്രാവശ്യവും പ്രോട്ടീനുകളുമടങ്ങിയ മരുന്നുഭക്ഷണമാണ് ചികിത്സാ കാലത്ത് സവിശേഷമായി നല്‍കുക. സുഖചികിത്സയുടെ ഉദ്‌ഘാടനത്തിന് 20 കൊമ്പന്‍മാരെയാണ് ഒരുക്കിനിര്‍ത്തിയത്. ഗോപീകൃഷ്‌ണന്‍, ജൂനിയര്‍ വിഷ്‌ണു, സിദ്ധാര്‍ഥന്‍, താര, ലക്ഷമി കൃഷ്‌ണ, ജൂനിയര്‍ മാധവന്‍കുട്ടി തുടങ്ങിയ ആനകള്‍ ചടങ്ങില്‍ പങ്കെടുത്തു.

തലയെടുപ്പുള്ള കൊമ്പന്മാര്‍ മദപ്പാടില്‍
ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഗജരത്‌നം പത്മനാഭന്‍, വലിയകേശവന്‍, നന്ദന്‍, ഇന്ദ്രസെന്‍ ഉള്‍പ്പടെ 21-കൊമ്പന്മാര്‍ ഇപ്പോള്‍ മദപ്പാടിലാണ്. മദപ്പാടില്‍നിന്നും അഴിച്ചശേഷമെ ഇവര്‍ക്ക് ചികിത്സ ലഭ്യമാകൂ.

ചികിത്സ
മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്‌ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്‌സ്‌ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും വൈറ്റമിന്‍ ടോണിക്കുകളുമാണ് സുഖചികിത്സാക്കാലത്തുള്ള ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്. പല്ലില്ലാത്ത ആനകള്‍ക്ക് വാഴപ്പിണ്ടി പ്രത്യേകം നല്‍കും. ആനകളുടെ ശരീര പുഷ്‌ടിക്കും ഓജസിനും അഴകിനും ആരോഗ്യത്തിനുമായി വിദഗധര്‍ നിശ്‌ചയിച്ച പ്രത്യേക ഔഷധക്കൂട്ടുകളും ഇടവിട്ട് നല്‍കും.

ദിനചര്യ
രാവിലെ ആനകളെ കുളിപ്പിക്കും. തുടര്‍ന്ന് കോട്ടയ്‌ക്കകത്ത് നടത്തിച്ച് വ്യായാമം. ഉച്ചയ്‌ക്ക് രണ്ടോടെ ആനകളെ കോട്ടമുറ്റത്ത് അണിനിരത്തും. പിന്നെ ചോറുരുളകള്‍ ബക്കറ്റില്‍ നിറയ്‌ക്കും. മൂന്നിന് ഊട്ട്.

കോട്ടയില്‍ 49 ആനകള്‍
42-കൊമ്പന്മാരും അഞ്ചുപിടിയാനകളും രണ്ടുമോഴകളുമുള്‍പ്പടെ 49 ആനകളാണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്. ഇതില്‍ ഇരുപതോളം ആനകളെ അണിനിരത്തിയ ഉദ്‌ഘാടന ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി. അബ്‌ദുള്‍ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്,ഗുരുവായൂര്‍ ദേവസ്വം അഡ്‌മിനിസ്റ്റ്രേറ്റര്‍ സി.സി. ശശിധരന്‍, വാര്‍ഡ് കൗണ്‍സിലറും ഗുരുവായൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ ടി.ടി. ശിവദാസന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയന്‍, പി. ഗോപിനാഥന്‍, ജീവധനം അഡ്‌മിനിസ്റ്റ്രേറ്റര്‍ സി. ശങ്കര്‍, മാനേജര്‍ ടി.വി. കൃഷ്‌ണദാസ്, ആയുര്‍വ്വേദ ആനചികിത്സ വിദഗ്‌ദന്‍ ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ആന വിദഗ്‌ധരായ കെ. വിവേക്, കെ.കെ. മുരളീധരന്‍, ടി.എസ്. രാജീവ് തുടങ്ങി ആനക്കോട്ടയിലെ സന്ദര്‍ശകരുള്‍പ്പടെ നൂറുകണക്കിന് ആനപ്രേമികളും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications