പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം;തൃശൂര്‍ ജില്ലയില്‍ ഹൈടെക് ആയത് 1347 സ്കൂളുകള്‍
തൃശൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ വന്‍ വികസന പദ്ധതികളാണ് സ്മാര്‍ട്ടായി മുന്നേറുന്നത്. വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് കിഫ്ബിയുമായി കൈകോര്‍ത്ത്, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ഉയര്‍ന്നത് ഹൈടെക് കെട്ടിടങ്ങള്‍. ജില്ലയില്‍ ഇതുവരെയായി ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 3928 ക്ലാസുമുറികള്‍ ഹൈടെക്കാക്കുകയും 904 പ്രൈമറി സ്കൂളുകളില്‍ ഹൈടെക് സംവിധാനവും ഒരുക്കി. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിട നിര്‍മാണം ദ്രുതഗതിയിലാണ് പൂര്‍ത്തിയാകുന്നത്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്സ്) വഴി നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1347 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിൽ പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 905ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 442ഉം ഉള്‍പ്പെടെ മൊത്തം 1347 സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. 1107 സ്കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 50.56 കോടിയും പ്രാദേശിക തലത്തില്‍ 11.40 കോടിയും ഉള്‍പ്പെടെ 61.96 കോടി രൂപയുമാണ് ചെലവിട്ടത്.
സംസ്ഥാനസര്‍ക്കാരിന്റെ കിഫ്ബി വഴിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്കിയതു മൂലം നിരവധി സ്കൂളുകളാണ് മികവിന്റെ പാതയിലേക്ക് നടന്നുകയറിയത്. സ്മാര്‍ട്ട് ക്ലാസ്, സ്മാര്‍ട്ട് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ മുഴുവന്‍ ഹയര്‍ സെക്കന്ററി സ്കൂളും ഹൈടെക് പട്ടികയില്‍ ഇടംനേടിയ ഏക മണ്ഡലമായ ചേലക്കരയും ജില്ലയിലാണ്. ജില്ലയിൽ മികവിന്റെ കേന്ദ്രം പദ്ധതി ഈ വർഷം പൂർത്തിയാകും.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ സ്കൂളുകളിലും കിഫ്ബി സഹായത്തോടെ സജ്ജമാക്കി. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി ക്ലാസ് മുറികളില്‍ 3534 ലാപ്ടോപ്പുകളും 3490 പ്രൊജക്ടറുകളും 429 എച്ച് ഡി ക്യാമറകളും 415 ടിവികളും 406 ഡി എസ് എല്‍ ആര് ക്യാമറകളും സജ്ജമാക്കി. എല്‍പി/യുപി വിഭാഗത്തില്‍ 4410 ലാപ്ടോപ്പുകളും 1760 പ്രൊജക്ടറുകളും 4311 സ്പീക്കറുകളും നല്‍കിക്കൊണ്ട് ഹൈടെക് നിലവാരത്തിലേക്ക് പ്രൈമറി സംവിധാനങ്ങളെ മാറ്റി. കൂടാതെ രണ്ടു വര്‍ഷത്തെ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ധനസഹായവും നല്കി. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി തലത്തിലെ ക്ലാസ് മുറികള്‍ ഹൈടെക്കായി ആക്കുന്നതിനുള്ള ധനസഹായം മൂന്ന് ഘട്ടങ്ങളിലായാണ് നല്‍കിയത്. ലാപ്ടോപുകള്, ഡെസ്ക്ടോപ്പുകള്‍, പ്രൊജക്ടറുകള്‍, നെറ്റ്വര്ക്കിംഗ് എന്നിവയ്ക്ക് വേണ്ടി ഈ ഫണ്ട് വിനിയോഗിച്ചു. ഈ ക്ലാസ്മുറികളിലേക്ക് വേണ്ട പ്രിന്ററുകള്‍, യുപിഎസ്, ക്യാമറകള്‍ എന്നിവയ്ക്കുള്ള പണവും ഇതില്‍ ഉള്‍പ്പെടുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കപ്പെട്ടു. കൈറ്റ്സ് വഴി 10178 ലാപ്ടോപ്പ്, 5875 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8505 യുഎസ്ബി സ്പീക്കര്‍, 3669 മൗണ്ടിംഗ് ആക്സസറീസ്, 2228 സ്ക്രീന്‍, 406 ഡി എസ് എല്‍ ആര് ക്യാമറ, 442 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 442എച്ച് ഡി വെബ്ക്യാം, 43 ഇഞ്ചിന്റെ 442 ടെലിവിഷന്‍ എന്നിവയാണ് ജില്ലയില്‍ വിന്യസിച്ചത്.
*കിഫ്ബിയും കിലയും കൈകോർത്ത്*
ജില്ലയിൽ കിഫ്ബി-കില ഫണ്ടിൽ ഉൾപ്പെടുത്തി 32 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 10 സ്കൂളുകളുടെ ശിലാസ്ഥാപനം ഉടനെ നടക്കും. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുന്ന 52 വിദ്യാലയങ്ങളിൽ 22 സ്കൂളുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. ജനുവരിയിൽ 5 സ്കൂളുകളുടെയും ഫെബ്രുവരിയിൽ ഒമ്പത് സ്കൂളുകളുടെയും നിർമ്മാണവും പൂർത്തീകരിക്കും. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റ് വിദ്യാലയങ്ങളുടെ നിർമ്മാണവും മാർച്ചിൽ പൂർത്തീകരിക്കും. എല്‍ എസ് ജി ഡിക്കാണ് ഇതിന്റെ നിര്‍മ്മാണച്ചുമതല. ജില്ലയിൽ എംഎൽഎ, എംപി ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് അനേകം വിദ്യാലയങ്ങളുടെ നിർമ്മാണവും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ 11 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
ചലഞ്ച് ഫണ്ടില്‍ 15, ആസ്തി വികസനഫണ്ടില്‍ നിന്ന് 15, കിഫ്ബി-ഇന്‍കല്‍ സ്കൂള്‍ നിര്‍മ്മാണം-5, എന്നിങ്ങനെയാണ് പദ്ധതികളും അനുവദിച്ച വിദ്യാലയങ്ങളുടെ എണ്ണവും. തീരദേശ-കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നാല് വിദ്യാലയങ്ങളാണ് നിര്‍മ്മാണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ജിഎച്ച്എസ്എസ് എടവിലങ്ങ്, ജിയുപിഎസ് വാടാനപ്പിള്ളി, ജിഎല്‍പിഎസ് കോണത്തുകുന്ന്, ജിയുപിഎസ് മന്ദലാംകുന്ന് എന്നീ സ്കൂളുകളാണവ.