വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്: അപകടം കല്ലാറില്‍!
അടിമാലി/തൃശൂര്‍: വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ദേശീയപാതയില്‍ നിന്നും കൊക്കയിലേക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരുക്കേറ്റു. വിദ്യാര്‍ഥിനികള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വന്‍ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി ഏഴുമണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍ കമ്പിലൈനിലാണ് അപകടം സംഭവിച്ചത്. തൃശൂര്‍ പഴയന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് വാഹനത്തിലുണ്ടായിരുന്നത്. പ്ലസ്ടു വിദ്യാര്‍ഥിനികളായ 38 പേരും നാലു അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്.

സ്‌കൂളിലെ അധ്യാപികയായ തിരുവനന്തപുരം ഓച്ചിറ സ്വദേശിനി ശ്രീകല (47) യ്ക്കാണ് ഗുരുതര പരുക്കേറ്റത്. ബസിനടിയില്‍പെട്ടാണ് ഇവര്‍ക്ക് കൂടുതല്‍ പരുക്കേറ്റത്. ഇവരുടെ കണ്ണില്‍ വാഹനത്തിന്റെ ചില്ല് തുളഞ്ഞുകയറിയ നിലയിലാണ്. വിദ്യ (17), അര്‍ച്ചന (17), അഞ്ജു (18), അനീന (17), നിയ (17), അക്ഷര (18), അജ്ലി (18), അനീസ (18), ആവണി (16), അസ്ന (17), അനീഷ (17), സ്നേഹ (17), സംഗീത (17), ശ്രീകുട്ടി (17), ഷീന (17), അഗ്ന (17), മിഷ (18), മാളവിക (18), സ്നേഹ (18), പ്രവീണ (17), അനീന (17), നീയ (17), അജ്നു (17), അധ്യാപകരായ പാത്തുമത്ത് (42), മിനി (40), സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ത്യേസ്യാമ്മ (52), ബസ് ്രെഡെവര്‍ തൃശൂര്‍ പൂവന്നൂര്‍ കുളങ്ങര അനസ് (26), ബസ് ഉടമ സാന്റോ (42) എന്നിവര്‍ക്ക്് നിസാര പരുക്കാണുള്ളത്. 28 പേരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകലയെ രാത്രി തന്നെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേക്ക്് കൊണ്ടുപോയി. തൃശൂര്‍ അന്നക്കര സ്വദേശികളുടെ ബേത്ലഹേം ഹോളിഡേ എന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

മൂന്നാറില്‍ നിന്നും തിരികെ അടിമാലി വഴിയുള്ള യാത്രയിലാണ് അപകടം. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ പിന്‍ചക്രം തെന്നിമാറിയതോടെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. മുപ്പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ദുരന്തം വഴിമാറുകയായിരുന്നു. അപകടം നടന്നയുടന്‍ സി.ഐ: പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസും, െഹെവേ പോലീസ് വിഭാഗവും ഫയര്‍ഫോഴ്സും െഹെവേ ജാഗ്രതാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ ബസിന്റെ പിന്നാലെ ഇതേ സ്‌കൂളിലെ ആണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസുമുണ്ടായിരുന്നു. അവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications