തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
തൃശൂര്‍: മൂന്നംഗ കുടുംബം തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. ദീര്‍ഘനാളായി സന്തോഷ് പീറ്ററും കുടുംബവും ചെന്നൈയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.

മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. കഴിഞ്ഞ നാലാം തീയതിയാണ് കുടുംബം ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ഓടെ ചെക്കൗട്ട് ചെയ്യുമെന്നാണ് കുടുംബം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചത്.
മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications