പൊതുസ്ഥലങ്ങളില്‍ മൂത്രം ഒഴിച്ചാല്‍ 500 രൂപ പിഴ; ഉത്തരവുമായി തൃശൂര്‍ കോർപറേഷൻ
തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനം. സീറോ വേസ്റ്റ് കോർപ്പറേഷൻ ആക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പ്രദേശം വെളിയിട മലമൂത്ര വിസർജന നിരോധിത മേഖലയായി കഴിഞ്ഞ കൗൺസിൽ പ്രഖ്യാപിച്ചിരുന്നു.
കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരിൽ നിന്ന് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 500 രൂപയാണ് പിഴ ഈടാക്കുക. സീറോ വേസ്റ്റ് കോർപറേഷൻ ആക്കാൻ ഇത്തരം പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കണം എന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
അതേസമയം, കോർപറേഷൻ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ 500 രൂപ പിഴ ഈടാക്കും എന്ന മേയറുടെ ഉത്തരവ് പരിഹാസ്യം ആണെന്ന് കോർപറേഷൻ പ്രതിപക്ഷ കൗൺസിലറും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ പറഞ്ഞു. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതിനനുസരിച്ച ഭൗതിക സാഹചര്യങ്ങൾ പരിശോധിക്കുകയും ഉറപ്പുവരുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തൻ നഗറിലെയും മത്സ്യ മാർക്കറ്റിലെയും ജയ്ഹിന്ദ് മാർക്കറ്റിലെയും ശൗചാലയങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്നും വടക്കേ സ്റ്റാൻൻഡിലും സ്റ്റേഡിയത്തിന് സമീപത്തുമുള്ള പൊതുശൗചാലയങ്ങൾ അടച്ചിട്ടിട്ട് വർഷങ്ങളായെന്നും യുഡിഎഫ് ഭരണകാലത്ത് സ്ഥാപിച്ച ഇ-ടോയ് ലറ്റുകൾ ഏറെ ആശ്വാസകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു..
എന്നാൽ പിന്നീട് ഇവ പരിപാലനമില്ലാതെ നശിപ്പിച്ചുകളഞ്ഞെന്നും കയ്യടി നേടാൻ മാത്രം ഉള്ള വീമ്പുപറച്ചിൽ മാത്രം ആണ് മേയറുടേതെന്നും ജോൺ കൂട്ടിച്ചേർത്തു. കൗൺസിലിലും പുറത്തും ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് മേയറെ അറിയിക്കുകയാണെന്നും ജോൺ ഡാനിയൽ പറഞ്ഞു.












Click it and Unblock the Notifications