100 പവന്‍, ചെലവ് 53 ലക്ഷം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിണ്ടി വഴിപാടായി സമര്‍പ്പിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിണ്ടി വഴിപാടായി സമര്‍പ്പിച്ച് ചെന്നൈ സ്വദേശി. നൂറുപവന്‍ വരുന്ന സ്വര്‍ണ കിണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയാണ് വഴിപാട് നല്‍കിയത്. 770 ഗ്രാം തൂക്കമുള്ള കിണ്ടിയുടെ വില ഏകദേശം 53 ലക്ഷത്തോളം വരും.
രാമായണ മാസാരംഭ ദിനത്തിലായിരുന്നു ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണകിണ്ടി സമര്‍പ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കീരീടം തിരുവനന്തപുരം സ്വദേശി വഴിപാടായി നല്‍കിയിരുന്നു.

രാജകൃഷ്ണന്‍ ആര്‍ പിള്ളയായിരുന്നു വിശ്വരൂപ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ചത്. കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്നതാണ് വിശ്വരൂപം വഴിപാട്. ഭഗവാന്റെ വേഷഭൂഷാദികളും കിരീടവും ധരിച്ച് ഭഗവത് സന്നിധിയില്‍ ഭക്തന്‍ സ്വയം സമര്‍പ്പണം ചെയ്യുന്നുവെന്നതാണ് ഈ വഴിപാടിന്റെ പ്രത്യേകത.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസി വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്ക് വയ്ച്ചിരുന്നു. ഉന്നത നിലവാരത്തിലുള്ള ഒറ്റ മരതക കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടമാണ് സമര്‍പ്പിച്ചത്. 40 ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത്. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെ വിവാഹം നടക്കുന്നതിന് മുന്നോടിയാണ് സ്വര്‍ണം കിരീടം ഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിച്ചത്.
ഏഴേ മുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. ഓരോ ശില്‍പ്പവും കലാസൃഷ്ടിയും വ്യത്യാസമായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രം അധികാരിയുടെയും തന്ത്രി മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് കിരീടം നിര്‍മ്മിച്ചത്. തിരുപ്പതി ബാലാജി ക്ഷേത്രം ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹം ഉള്‍പ്പടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications