കടം വാങ്ങിയ പണം തിരികെ ചോദിച്ചു; തൃശൂരില്‍ യുവതിയെ യുവാവ് വനത്തില്‍ കൊന്നുതള്ളി
തൃശൂര്‍: തൃശൂരില്‍ യുവതിയെ വനത്തില്‍ കൊന്നുതള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര ( 26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളാണ് ആതിര. കഴിഞ്ഞ മാസം 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കാലടി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതക വിവരം അറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അഖില്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. ഷാള്‍ ഉപയോഗിച്ച് ആതിരയെ കൊലപ്പെടുത്തുകയായിരുന്നെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. അഖില്‍ ആതിരയും തമ്മില്‍ പണമിടപാടുകളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആതിരയുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചുചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അതേസമയം, മൂന്നാറില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് യുവാവ് സ്വയം കഴുത്തറുത്തു.
ഗുരുതരമായി പരിക്കേറ്റ യുവതിയെയും യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൂഡല്ലൂര്‍ സ്വദേശിയായ സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ചത് വയനാട് സ്വദേശിയായ യുവാവാണ്. മലപ്പുറത്തെ വെന്നിയൂരില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ആദ്യം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നില അതീവ ഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗൂഡല്ലൂര്‍ സ്വദേശിയായ സീത ആലുവയില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. ബസ് ഇടയ്ക്ക് വച്ച് ഭക്ഷണം കഴിക്കാനായി നിര്‍ത്തിയ ശേഷമാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്ത് കുത്തിയ ശേഷം യുവാവ് ബസിന്റെ പിറകിലേക്ക് പോയി കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു. വിവരം അറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications