സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: തൃശൂര്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍
തൃശൂര്‍: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ വേളയില്‍ വിപുലമായ പരിപാടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍, അധ്യാപകര്‍, പി.ടി.എ., എം.പി.ടി.എ അംഗങ്ങള്‍ എന്നിവരെ ചേര്‍ന്ന് 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും.
ഓരോ വിദ്യാലയത്തിലും 5 മീറ്ററില്‍ കുറയാത്ത വെള്ളത്തുണി ചുമരിലോ തൂണിലോ വലിച്ച് കെട്ടിയ ശേഷം ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെയ്ക്കും. പരിപാടിയില്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകള്‍ എന്നിവരെ കൂടി പങ്കെടുപ്പിക്കും. തുടര്‍ന്ന് 10 മിനിറ്റില്‍ കുറയാത്ത തരത്തില്‍ ചെറു യോഗവും സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75 അമൃതവര്‍ഷങ്ങള്‍ എന്ന പേരില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേര്‍പ്പ് ഉപജില്ലയിലെ സെന്റ് ആന്റണീസ് യു.പി.എസില്‍ നടക്കും. സി സി മുകുന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

11 ന് രാവിലെ 10 മണിക്ക് ജില്ലയിലെ 1028 സ്‌കൂളുകളിലും ജില്ലയിലെ 1028 സ്‌കൂളുകളിലും 'ഗാന്ധിമരം' എന്ന് പേരില്‍ ഫലവൃക്ഷ തൈനടും. ജില്ലാ തല പരിപാടി വടക്കാഞ്ചേരി ഗവ.ഗേള്‍സ് എല്‍.പി.സ്‌കൂളില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ അധ്യക്ഷനാകും.
12 ന് രാവിലെ തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ കുട്ടികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംഗമം സംഘടിപ്പിക്കും. 75 പതാകകള്‍ വാനില്‍ ഉയര്‍ത്തും. തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിക്കും. ഇതേ സമയത്ത് തന്നെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഭരണഘടന ആമുഖം വായിക്കണം. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള 7 ലക്ഷത്തോളം കുട്ടികള്‍ ഈ പരിപാടിയില്‍ ഒരേ സമയം പങ്കു ചേരും. ഗാന്ധിജിയുടെ 100 വ്യത്യസ്ത ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഹയര്‍ സെക്കന്ററി കുട്ടികള്‍ക്ക് വീടുകളില്‍ ഉയര്‍ത്താനുള്ള പതാകകള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ചടങ്ങില്‍ കൈമാറും.
തുടര്‍ന്ന് ഗവ.ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ.സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജന പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റാലികള്‍, സൈക്കിള്‍ റാലികള്‍, പ്രശ്നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 13, 14, 15 തിയ്യതികളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. 64401 ദേശീയ പതാകകളാണ് വിദ്യാലയങ്ങളില്‍ നിന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ വഴി കുടുംബശ്രീ മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനൊപ്പം തൃശൂര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി ദര്‍ശന്‍, ജില്ലാ ശാസ്ത്ര ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications