ബ്രാൻഡിംഗിന്റെ പടികൾ കയറി അതിരപ്പിള്ളി, ഗോത്ര വിഭവങ്ങൾക്ക് ആഗോള വിപണി ലക്ഷ്യം
വെള്ളച്ചാട്ടത്തിനും കാനനഭംഗിക്കും പേരു കേട്ട അതിരപ്പിള്ളി ബ്രാൻഡിംഗിലൂടെ പെരുമയേറ്റുന്നു. ചാലക്കുടിപ്പുഴയോരത്തെ ഗോത്ര സമൂഹത്തിൽ നിന്നുള്ള തനത് കാർഷിക ഉൽപ്പന്നങ്ങളാണ് പ്രത്യേക ബ്രാൻഡിംഗിലൂടെ ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിടുന്നത്. ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ ഭാഗമായാണ് ബ്രാൻഡ് അതിരപ്പിള്ളി ഒരുങ്ങുന്നത്. ബ്രാൻഡ് അവതരണം അടുത്ത മാസം നടക്കും.
ട്രൈബൽ വാലി പദ്ധതി
പരമ്പരാഗത കൃഷിക്ക് ഊന്നൽ നൽകി അതിരപ്പിള്ളിയിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കൃഷിവകുപ്പാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി നടപ്പാക്കുന്നത്. തനത് ഗോത്ര കൃഷിരീതിയിലുള്ള ഉൽപ്പന്നങ്ങൾ അതിരപ്പിള്ളി ബ്രാൻഡിൽ വിപണിയിലെത്തും
ഗോത്ര സമൂഹത്തിന്റെ ജീവിതരീതി തൊട്ടറിഞ്ഞ് അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഭദ്രത ഉറപ്പാക്കുന്നതിനായി ഇന്ത്യയില്‍ നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതി. 10.01 കോടി രൂപ ചിലവില്‍ 2020 ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
മറ്റ് ഏജൻസികൾ
കൃഷി വകുപ്പിന് പുറമെ റീ ബില്‍ഡ് കേരള, യു എന്‍ ഡി പി, പട്ടികവര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി അന്താരാഷ്ട്ര തലത്തിലുള്ള റെയിന്‍ ഫോറസ്റ്റ് അലയന്‍സ് സര്‍ട്ടിഫിക്കേഷന്റെ അംഗീകാരം നേടുന്നതിനുള്ള പഠനങ്ങളും നടക്കുന്നു. പാരിസ്ഥിതികമായ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന കൃഷിരീതിക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക സന്തുലനാവസ്ഥയും ഇതിലൂടെ ഉറപ്പാക്കുന്നു.
ആദിവാസികൾക്ക് കൈത്താങ്ങ്
മണ്ണിന്റെ മണമറിഞ്ഞ കൃഷിയും കാര്‍ഷിക തൊഴിലുകളുമായി ജീവിതം കൊണ്ട് പോകുന്ന ആദിവാസി ഗോത്ര സമൂഹത്തിന്റെ ഇതുവരെയുള്ള പരാധീനതകള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതി. ജൈവ കൃഷി പ്രോത്സാഹിപ്പിച്ച് മികച്ച കാര്‍ഷിക സംസ്‌ക്കാരത്തിന്റെ വക്താക്കളാക്കി ഗോത്ര സമൂഹത്തെ മാറ്റുന്നു. കൂടാതെ അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില കിട്ടുന്നതിനുള്ള വിപണി സാധ്യത തുറന്നുകൊടുക്കുന്നു.
സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികൾ ഇതിന്റെ ഭാഗം.