തൃശ്ശൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തീയിട്ടുകൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തിയ ശേഷം പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ ജാമ്യം നിഷേധിച്ചു. ചിയ്യാരം വല്‍സാലയത്തില്‍ കൃഷ്ണരാജ് മകള്‍ നീതുവിനെ (21) കൊലപ്പെടുത്തിയ കേസിലെ പ്രതി വടക്കേക്കാട് ആറ്റുപുറം കല്ലൂര്‍ കാട്ടയില്‍ നിധീഷ് (27) നല്കിയ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസാണ് തള്ളിയത്. 2019 ഏപ്രില്‍ നാലിനാണ് നാടിനെ നടുക്കിയ കൊലപാതകം. നീതു അമ്മാവനും അമ്മൂമ്മയ്ക്കുമൊപ്പമാണ് ചിയ്യാരത്തെ വീട്ടില്‍ താമസിച്ചിരുന്നത്.
കർണാടകയിൽ ഇനി എന്ത്? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്, സർക്കാർ വീഴുമോ വാഴുമോ?
പുലര്‍ച്ചെ മോട്ടോര്‍ബൈക്കില്‍ വടക്കേകാട്ടെ വീട്ടില്‍ നിന്നും ചിയ്യാരത്ത് നീതുവിന്റെ വീട്ടിലെത്തിയ നിധീഷ് പുറകുവശത്തുള്ള വാതിലിലൂടെ അതിക്രമിച്ചു കയറിയെന്നാണ് കേസ്. ഈ സമയം കിടപ്പുമുറിയോടനുബന്ധിച്ച കുളിമുറിയില്‍ നിന്നു പുറത്തുവന്ന നീതുവിനെ കത്തി കൊണ്ടു കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തി. വിദ്യാര്‍ഥിനി കരഞ്ഞു ബഹളം വെച്ചപ്പോള്‍ കൈവശം കരുതിയ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നീതുവിന്റെ കഴുത്തിലേറ്റ മുറിവ് അതീവ ഗുരുതരമായിരുന്നു. കുത്തേറ്റു ശ്വാസകോശത്തിനും കരളിനും മുറിവേറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ച നിധീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഫേസ്ബുക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് നിധീഷിന്റെ വീട്ടുകാര്‍ വിവാഹമാലോചിച്ച് നീതുവിന്റെ വീട്ടില്‍ ചെന്നിരുന്നെങ്കിലും നടന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ നീതു വിവാഹാവശ്യത്തില്‍ നിന്നു പിന്മാറി. കൃത്യത്തിനു ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി നിധീഷ് പോലീസിനോടു വ്യക്തമാക്കി. 100 ദിവസത്തിലധികമായി ഇയാള്‍ ജയിലിലാണ്.
ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിയെ ജയിലില്‍ പാര്‍പ്പിച്ചു വിചാരണനടപടി പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യമെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി.ബാബു, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്സണ് ടി.തോമസ് എന്നിവര്‍ ഹാജരായി.