തീ കണ്ടാല്‍ ഭയന്നു മാറില്ല; പൊലീസ് സേനയെ ഞെട്ടിച്ച തീപ്പൊരി പ്രകടനങ്ങള്‍; ബെല്ല ഓര്‍മ്മയായി
സംസ്ഥാന പോലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്ത് നാലാം സ്ഥാനം നേടിയ ബെല്ല മറ്റു ഡെമോണ്‍സ്‌ട്രേഷന്‍ പ്രോഗ്രാമുകളിലും ഒട്ടനവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

തൃശൂര്‍: വി ഐ പി ഡ്യൂട്ടിയില്‍ തിളങ്ങിയ തൃശൂര്‍ സിറ്റി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ബെല്ല യാത്രയായി. . ന്യൂമോണിയയും മഞ്ഞപ്പിത്തവും ബാധിച്ചാണ് ബെല്ല എന്ന പൊലീസ് നായ വിട പറഞ്ഞത്. ബെല്ലയുടെ സംസ്‌കാര ചടങ്ങുകള്‍ പോലീസ് അക്കാദമിയില്‍ നടന്നു. 2015ലാണ് ബെല്ല ഡോഗ് സ്‌ക്വാഡിലെത്തുന്നത്. തൃശൂര്‍ കെന്നല്‍ ക്‌ളബ്ബിന്റെ സംഭാവനയായാണ് ബെല്ലയെന്ന ലാബ്രഡോര്‍ പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് 3 മാസമായിരുന്നു പ്രായം. 9 മാസത്തെ ശാസ്ത്രീയ പരിശീലനം നേടിയ ശേഷം സ്‌ക്വാഡിലെ താരമായി
പരിശീലനം പൂര്‍ത്തിയാക്കിയ ബെല്ല സ്ഫോടക വസ്തുക്കള്‍ മണം പിടിച്ച് കണ്ടെത്തുന്നതില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒട്ടുമിക്ക വി ഐ പി ഡ്യൂട്ടിയിലും ബെല്ല പങ്കാളിയായിരുന്നു. 2017 ല്‍ നടന്ന ഡ്യൂട്ടി മീറ്റില്‍ ബെല്ല നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
തീ കണ്ടാല്‍ ഭയന്നു മാറുന്ന മറ്റു നായ്ക്കള്‍ക്കിടയില്‍ ഫയര്‍ ജംമ്പുകളിലൂടെ തീപൊരി പ്രകടനങ്ങള്‍ കാഴ്ചവച്ച ബെല്ല എന്നും എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ന്യൂമോണിയക്കു പിന്നാലെ മഞ്ഞപിത്തവും ബാധിച്ചാണ് ഏഴര വയസ്സുള്ള ബെല്ല മരണപെട്ടത്. പോലീസ് ഡോഗ് സ്‌ക്വാഡ് ആയ കെ9 സംഘത്തില്‍ ഫയര്‍ ജംപുകള്‍ നടത്തി മികവു തെളിയിച്ച ഏക നായയാണ് ബെല്ല. തീയാളുന്ന 3 വളയങ്ങളിലൂടെ തുടര്‍ച്ചയായി ചാടി ബെല്ല പലവട്ടം പോലീസ് ഡ്യൂട്ടി മീറ്റുകളിലടക്കം താരമായിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കള്‍ മണത്തു കണ്ടുപിടിക്കാനുള്ള എക്‌സ്പ്‌ളോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ മികവു തെളിയിച്ചു. വി ഐ പികള്‍ തൃശൂരിലെത്തുന്ന സമയം സുരക്ഷ ഉറപ്പാക്കാനുള്ള സംഘത്തില്‍ ബെല്ലയും അംഗമായി ഉണ്ടാകും. ഹാന്‍ഡ്‌ലര്‍മാരായ പി.സി ജിലേഷ് സി.സി സ്റ്റിന്‍സണ്‍ എന്നിവര്‍ക്കായിരുന്നു. പരിശീലന പരിപാലന ചുമതല.
സംസ്ഥാന പോലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്ത് നാലാം സ്ഥാനം നേടിയ ബെല്ല മറ്റു ഡെമോണ്‍സ്‌ട്രേഷന്‍ പ്രോഗ്രാമുകളിലും ഒട്ടനവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മറ്റം പാവറട്ടി മുളംകുന്നത്തുകാവ് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളില്‍ ഗുണ്ടാസംഘങ്ങള്‍ ഒളിപ്പിച്ചുവച്ച സ്‌ഫോടക വസ്തുക്കള്‍ ബെല്ല മണത്തു കണ്ടുപിടിച്ചതും ശ്രദ്ധേയമായിരുന്നു. ബെല്ലയുടെ ഭൗതിക ശരീരം പോലീസ് അക്കാദമിയില്‍ സംസ്‌കരിച്ചു .












Click it and Unblock the Notifications