തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു
തൃശൂര്‍: തൃശൂരില്‍ പൊലീസിന്റെ നേതൃത്വത്തില്‍ വന്‍ ലഹരി വേട്ട. അതിമാരകമായ മയക്കുമരുന്നായ ഹാഷിഷ് ഓയിലാണ് പൊലീസ് പിടിച്ചെടുത്തത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചത്.
മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ് (20), കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത് (23), അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍ (21), തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ് (21), കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് (20) എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ 3 മണിയോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികള്‍ കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളില്‍ ലഹരിമരുന്ന് ചില്ലറ വില്‍പ്പനക്കായാണ് ആന്ധ്രയില്‍ നിന്നും എത്തിച്ചത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗം നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിയിലായവര്‍ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്.
ഷഫീക്ക്, മഹേഷ് എന്നിവര്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുനീബ് എന്നയാളെ 2021ല്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളും ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയവരുമാണ്. ശരത് എന്നയാള്‍ക്കെതിരെ വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021ല്‍ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതിയാണ്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ ഇവര്‍ നിരവധി തവണ ഇതിനുമുമ്പും കഞ്ചാവ് കടത്തിയിട്ടുള്ളവരാണെന്ന് അറിവാകുന്നു. ഹാഷിഷ് ഓയില്‍ കടത്തുന്നതിന് പുതിയ മാര്‍ഗങ്ങള്‍.
പോലീസ് പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ പ്രതികള്‍ കടത്താനുപയോഗിച്ചത് ഫ്രൂട്ട് ജ്യൂസ് എന്ന രീതിയില്‍. ഫ്രൂട്ടി പാക്കറ്റുകള്‍, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികള്‍, ഫ്‌ലാസ്‌കുകള്‍ എന്നിവയിലും ഹാഷിഷ് ഓയില്‍ ഒളിപ്പിച്ചു കടത്താന്‍ ഉപയോഗിച്ചു. ഹാഷിഷ് ഓയിലിന് രൂക്ഷഗന്ധം ഉള്ളതിനാല്‍, അത് മറികടക്കുന്നതിനായി സുഗന്ധ തൈലം പുരട്ടുകയും ചെയ്തു. 100 കിലോയിലധികം കഞ്ചാവ് വാറ്റുമ്പോഴാണ് വീര്യംകൂടിയ ഒരുകിലോ ഹാഷിഷ് ഓയില്‍ ലഭിക്കുന്നത്. കഞ്ചാവ് കടത്തിയിരുന്ന ഇവര്‍ അടുത്തിടെയാണ് ഹാഷിഷ് ഓയില്‍ കടത്തുന്നതിലേക്ക് തിരിഞ്ഞത്.












Click it and Unblock the Notifications