സഹകരണബാങ്ക് ലോക്കറില്‍ വെച്ച സ്വര്‍ണം കാണാതായതില്‍ ട്വിസ്റ്റ്; സ്വര്‍ണം പരാതിക്കാരിയുടെ ബന്ധുവീട്ടില്‍
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായെന്ന് പരാതിക്കാരി പറഞ്ഞ 60 പവന്റെ സ്വര്‍ണം ഇവരുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. സ്വര്‍ണം കണ്ടെത്തിയ കാര്യം പരാതിക്കാരിയായ എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിത തന്നെയാണ് പൊലീസിനെ അറിയിച്ചത്.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 110 പവന്‍ സ്വര്‍ണാഭരണത്തില്‍ നിന്ന് 60 പവന്‍ കാണാനില്ല എന്നായിരുന്നു സുനിത പറഞ്ഞിരുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തിലായിരുന്നു സുനിത പരാതിയുമായി രംഗത്തെത്തിയത്. സെപ്തംബര്‍ 21 നാണ് സുനിത പൊലീസില്‍ പരാതി നല്‍കിയത്. തന്റെയും അമ്മ സാവിത്രിയുടെയും പേരിലുള്ള സേഫ് ഡിപ്പോസിറ്റ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ കാണാനില്ലെന്നായിരുന്നു പരാതി.

സുനിത കുടുംബസമേതം ബെംഗളൂരുവില്‍ ആണ് താമസിക്കുന്നത്. നാട്ടിലെത്തി ബാങ്ക് ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുണ്ട് എന്ന് ശ്രദ്ധയില്‍പ്പെട്ടത് എന്നായിരുന്നു സുനിത പറഞ്ഞിരുന്നത്. എന്നാല്‍ ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. മാത്രമല്ല അന്വേഷണമാവശ്യപ്പെട്ട് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ബാങ്കില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യമായതോടെ പരാതിക്കാരിയുടെയും അമ്മയുടെയും മൊഴി രണ്ട് തവണ പൊലീസ് രേഖപ്പെടുത്തി. ഇതെല്ലാം സമഗ്രമായി പരിശോധിച്ചതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നത്. വിവിധ ബാങ്കുകളില്‍ പണമിടപാട് നടത്താറുള്ള കുടുംബമാണ് പരാതിക്കാരിയുടേത്. അതിനാല്‍ വന്ന ജാഗ്രത കുറവായിരിക്കാം എന്നായിരുന്നു പൊലീസ് നിഗമനം.
ഇതിന് പിന്നാലെ ഇന്നലെ സുനിതയുടെ വലപ്പാടുള്ള ഇളയമ്മയുടെ വീട്ടില്‍ നിന്നു സ്വര്‍ണം കണ്ടെത്തി. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. വസ്തുവിന്റെ ആധാരത്തോടൊപ്പം സ്വര്‍ണവും മറന്നു വെച്ചിരിക്കുകയായിരുന്നു എന്നും ആധാരം എടുക്കാന്‍ എത്തിയപ്പോഴാണ് കവറില്‍ സ്വര്‍ണവും കണ്ടെത്തിയത് എന്നുമാണ് പരാതിക്കാരി പറയുന്നത്. അതേസമയം പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബാങ്ക് പറയുന്നത്.
പരാതിക്കാരി പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ടെന്നും ബാങ്കിന് അപകീര്‍ത്തികരമായ പരാതി നല്‍കിയതില്‍ ഇവര്‍ക്കെതിരെ കേസുമായി മുന്നോട്ടു പോകുമെന്നുമാണ് ബാങ്കിന്റെ ജനറല്‍ മാനേജര്‍ പറഞ്ഞത്. സേഫ് ഡെപ്പോസിറ്റ് ലോക്കറിന് രണ്ട് താക്കോല്‍ ഉണ്ടാകും. ഇതില്‍ ഒരു ലോക്കര്‍ ഇടപാടുകാരന്റെ കൈവശവും മാസ്റ്റര്‍ കീ ബാങ്കിലുമാണ് ഉണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ചു മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കൂ.












Click it and Unblock the Notifications