ബിജെപിക്ക് ചാലക്കുടി നഗരസഭയില്‍ വന്‍ തിരിച്ചടി; ഏക അംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചാലക്കുടി: ബിജെപിക്ക് ചാലക്കുടി നഗരസഭയില്‍ വന്‍ തിരിച്ചടി. ഇവിടെയുള്ള ഏക ബിജെപി അംഗം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നഗരസഭയില്‍ ബിജെപി വട്ടപൂജ്യമായിരിക്കുകയാണ്. മൂന്നാം വാര്‍ഡില്‍ നിന്നും ബിജെപി പിന്തുണയോടെ വിജയിച്ച വത്സന്‍ ചമ്പക്കരയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നഗരസഭയിലെ പോട്ട വാര്‍ഡിലെ കൗണ്‍സിലറാണ് ഇയാള്‍.
ബിജെപിയുടെ സ്വതന്ത്രനായിരുന്ന കൗണ്‍സിലര്‍ വത്സന്‍ ചമ്പക്കരയാണ് കോണ്‍ഗ്രസില്‍ അപ്രതീക്ഷിതമായി ചേര്‍ന്നിരിക്കുന്നത്. ചാലക്കുടിയിലെ പ്രാദേശിക നേതൃത്വവുമായി വത്സന് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാജിവെച്ചത്. ചാലക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് വത്സനെ സ്വീകരിച്ചു.

ബെന്നി ബെഹാന്‍ എംപിയാണ് അംഗത്വം കൈമാറിയത്. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ മറക്കാനാവാത്തതാണെന്ന് വത്സന്‍ ചമ്പക്കര പഞ്ഞു. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിലും വലിയ പങ്കാണ് കോണ്‍ഗ്രസ് വഹിച്ചതെന്ന് വത്സന്‍ പറഞ്ഞു.
താന്‍ ഉപാധികളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസിലേക്ക് വരുന്നതെന്നും വത്സന്‍ പറഞ്ഞു. നമ്മള്‍ ചിന്തിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധി എന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനകീയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. സമസ്ത ജനവിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും വത്സന്‍ വ്യക്തമാക്കി.












Click it and Unblock the Notifications