മുന്നറിയിപ്പ് വകവെക്കാതെ ചെറുമത്സ്യങ്ങളെ പിടിച്ചു; തൃശൂരില്‍ വള്ളങ്ങള്‍ പിടിച്ചെടുത്ത് പിഴചുമത്തി
തൃശൂര്‍: അഴീക്കോട്- തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന വള്ളങ്ങള്‍ പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥന്‍, കാരുണ്യ എന്നീ വള്ളങ്ങളാണ് ചെറുമത്സ്യങ്ങളെ പിടിച്ചതിന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
എറണാകുളം കുമ്പളങ്ങി സ്വദേശി പൊന്നാംപുരയ്കല്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാരുണ്യനാഥന്‍ വള്ളം. 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 800 കിലോ അയല ഇനത്തില്‍പ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. അഴീക്കോട് ഇടിയന്‍ചാല്‍ക്കര സ്വദേശി റഷീദ് മകന്‍ മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ള കാരുണ്യ എന്ന വളളത്തില്‍ നിന്നും നിയമപരമായ അളവില്‍ അല്ലാതെ കണ്ട 600 കിലോ ചെറിയ അയല ഇനത്തില്‍ മീനുകളാണ് പിടിച്ചെടുത്തത്.

ജില്ലയിലെ വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് വളളങ്ങള്‍ പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ സര്‍ക്കാരിലേക്ക് ഈടാക്കും. പിടിച്ചടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ നിക്ഷേപിച്ചു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ സുലേഖയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. എഫ് ഇ ഒ സുമിത, എ എഫ് ഇ ഒ സംന ഗോപന്‍, മെക്കാനിക്ക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്‌സ് ആന്റ് വിജിലന്‍സ് വിങ്ങ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി എ പ്രശാന്ത് കുമാര്‍, കോസ്റ്റല്‍ എ എസ് ഐ സുധികുമാര്‍, ലൈഫ് ഗാര്‍ഡുമാരായ വി എ സീജീഷ്, റെഫീക്ക്, ഡ്രൈവര്‍ കെ എം അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരുംദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി സുഗന്ധകുമാരി അറിയിച്ചു.












Click it and Unblock the Notifications