തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെറ്റു ചെയ്താല്‍ കടുത്ത നടപടി, താല്‍പര്യം സംരക്ഷിക്കാന്‍ പോലീസിനെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിമര്‍ശനം, കോസ്റ്റല്‍ വാര്‍ഡന്മാരുടെ പാസിങ് ഔട്ട് കഴിഞ്ഞു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സ്വന്തം താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടയാമി പോലീസ് സേനയെ കാണരുതെന്നും തെറ്റു ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് അക്കാദമിയില്‍ കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡന്മാരുടെ പ്രഥമ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകിരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്കപ്പ് കസ്റ്റഡി മരണങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണു ഡി.ജി.പി. അടക്കമുള്ള ഉന്നതരുടെ സാന്നിധ്യത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്.

<strong>കോടഞ്ചേരി പാലക്കലിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണം; കാരണം കണ്ടെത്താനായില്ല, ആന്തരികാവയവ പരിശോധന റിപ്പോർട്ട് കാത്ത് അധികൃതർ</strong>കോടഞ്ചേരി പാലക്കലിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണം; കാരണം കണ്ടെത്താനായില്ല, ആന്തരികാവയവ പരിശോധന റിപ്പോർട്ട് കാത്ത് അധികൃതർ

ഒറ്റപ്പെട്ട സംഭവങ്ങള്‍ യാദൃശ്ചികമെന്നു കാണാന്‍ കഴിയില്ല. തെറ്റു ചെയ്താല്‍ കര്‍ശന നടപടിയാണു സര്‍ക്കാര്‍ നയം. കാര്യക്ഷമമായി സേവനം അനുഷ്ഠിക്കുന്നവര്‍ക്കെതിരേ തെറ്റായി പ്രചാരണം നടത്തുകയും കുറ്റപ്പെടുത്തുകയും നിരന്തരം ചെയ്യുന്നുണ്ട്. അതിനു പിന്നാലെ പോകില്ല. ആത്മാര്‍ഥമായി സേവനം അനുഷ്ഠിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ക്രൂശിക്കില്ല. പോലീസിനു മാനുഷികമുഖം നല്‍കുകയാണു സര്‍ക്കാര്‍ നയം.

Coastal guard


കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍നിന്ന്, ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലില്‍നിന്നു സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബഹുമതിയായിക്കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട തെരഞ്ഞെടുത്തവര്‍ക്കു കോസ്റ്റല്‍ പോലീസ് വാര്‍ഡന്മാരായി പ്രത്യേക നിയമനം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമനത്തിന് ഒരുവര്‍ഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.

അര്‍പ്പണ ബോധത്തോടെ ഡ്യൂട്ടി നിര്‍വഹിച്ചാല്‍, സംസ്ഥാനവും സര്‍ക്കാരും കൈയൊഴിയില്ലെന്നു കോസ്റ്റല്‍ പോലീസ് വാര്‍ഡന്മാരോടായി മുഖ്യമന്ത്രി പറഞ്ഞു. 200 പേരെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതില്‍ 23 പേരുടെ കുറവുള്ളത് പെട്ടെന്നുതന്നെ നികത്താന്‍ നടപടി സ്വീകരിക്കും. കടലിലെ രക്ഷാപ്രവര്‍ത്തനത്തിനുപുറമെ അതിര്‍ത്തിരക്ഷകൂടി കോസ്റ്റല്‍ പോലീസിന്റെ ചുമതലയാണ്.

സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടല്‍ പട്രോളിങ് എന്നിവയില്‍ വിദഗ്ധ പരിശീലനം സേനയ്ക്കു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനമാണ് ഈ ബാച്ചിന് നല്‍കിയത്. ഇനിമുതല്‍ പോലീസ് സേനയ്ക്കും ഈ സാങ്കേതികവിദ്യ നല്‍കും.

ബ്രിട്ടീഷുകാരുടെ കാലത്ത് പോലീസ് ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നതെന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വലിയ മാറ്റം ഇതിലുണ്ടായില്ല. എന്നാല്‍, മാറ്റത്തിന്റെ കാഹളം ആദ്യമായി കേരളത്തില്‍നിന്നാണ് മുഴങ്ങിയത്. 1957 ല്‍ കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് പോലീസ് മാന്വലില്‍ വരുത്തിയ പരിഷ്‌കാരം രാജ്യം ആകെ ശ്രദ്ധിച്ചതായിരുന്നു. ഇടവേളകളോടെയെങ്കിലും ആ സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് പോലീസിന് കൂടുതല്‍ മാനുഷികമായ മുഖം നല്‍കുന്നതിനുള്ള ശ്രമങ്ങളാണു സംസ്ഥാനത്തു നടന്നത്. ഇതിനു ഫലമുണ്ടായിട്ടുണ്ട്.

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. ചിലവ നമ്മെ വേദനിപ്പിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതു പോലീസില്‍ സംഭവിക്കരുത്. അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിചെയ്യുന്ന ഒരു സേനയാണ് പോലീസ്. പോലീസ് സേന ഒറ്റയാള്‍ പട്ടാളമല്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാനാവൂ. ഒറ്റപ്പെട്ട രീതിയില്‍ സംഭവിക്കുന്ന വീഴ്ച കേവലം ഒറ്റപ്പെട്ടതും യാദൃച്ഛികവുമാണ് എന്നു പറഞ്ഞ് മാറി നില്‍ക്കാനാവില്ല.

തെറ്റുചെയ്താല്‍, ആ തെറ്റിനെതിരേ കര്‍ക്കശമായ നടപടി എടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ആ രീതിയില്‍ത്തന്നെയുള്ള ചില നടപടികള്‍ ചില കാര്യങ്ങളില്‍ വേണ്ടതുണ്ട് എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഈ ഒരു പൊതുബോധം ജോലിയിലും കൃത്യ നിര്‍വഹണത്തിലും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓള്‍റൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇന്‍ഡോര്‍ കണ്ണൂര്‍ ജില്ലയിലെ രാമന്തളി സ്വദേശി വില്യം ചാള്‍സണ്‍, തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിനി ജി. ഷീബ എന്നിവര്‍ക്ക് മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡുകള്‍ നല്‍കി. തുടര്‍ന്ന് സേനാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്ലോ മാര്‍ച്ചും ക്വിക് മാര്‍ച്ചും നടന്നു.

കേരളത്തിന്റെ തീരദേശ ജില്ലകളില്‍നിന്നു പ്രത്യേകം തെരഞ്ഞെടുത്തവര്‍ക്കാണ് കോസ്റ്റല്‍ പോലീസ് വാര്‍ഡന്മാരായി ഒരു വര്‍ഷത്തേക്ക് നേരിട്ട് നിയമനം നല്‍കിയത്. നാലുമാസത്തെ തീവ്രപരിശീലന കാലയളവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കീഴിലെ കടലിലെ ബോള്‍ ബാലന്‍സിങ്, ചെസ്റ്റ് ക്യാരിയിങ്, കടലിലെ അതിജീവന സങ്കേതങ്ങള്‍ എന്നിവകൂടാതെ നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്റ്റേഷനുകളിലെ പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.

പാസിങ് ഔട്ട് പരേഡില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, ട്രെയിനിങ് എ.ഡി.ജി.പി. പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ എ.ഡി.ജി.പി. എ. പത്മകുമാര്‍, അക്കാദമി അസിസ്റ്റന്റ് ഡയറകടര്‍ അനൂപ് ജോണ്‍ കുരുവിള, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Thrissur
English summary
Chief Minister Pinarayi Vijan about Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X