• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ സൈനികന്‍ പ്രദീപിന്റെ വീട്ടില്‍ സാന്ത്വനമായി മുഖ്യമന്ത്രിയെത്തി

Google Oneindia Malayalam News

തൃശൂര്‍: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ കുടുംബത്തിന് സാന്ത്വനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ പുത്തൂര്‍ പൊന്നൂക്കരയിലെ വീട്ടിലെത്തി. രാത്രി 7.40ഓടെ അറക്കല്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി, പ്രദീപിന്റെ രോഗിയായ അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, സഹോദരന്‍ എ പ്രസാദ് എന്നിവരെ ആശ്വസിപ്പിച്ചു.

രോഗശയ്യയില്‍ കിടന്ന് മുഖ്യമന്ത്രിയുടെ ഇരുകരങ്ങളും ഗ്രഹിച്ച പ്രദീപിന്റെ പിതാവ് ഏറെ നേരം മുഖ്യമന്ത്രിയെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തിയത് വികാര നിര്‍ഭരമായ കാഴ്ചയായി. പ്രദീപിന്റെ മക്കളെ തലോടി ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരോട് പഠനകാര്യങ്ങളും മറ്റും ചോദിച്ചറിഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ റേഞ്ച് ഐജി എ അക്ബര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.

പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലിയും കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും അച്ഛന് ചികില്‍സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും നല്‍കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ റവന്യൂ മന്ത്രി കെ രാജന്‍ ഡിസംബര്‍ 17ന് പ്രദീപിന്റെ വീട്ടിലെത്തി ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ കൂനൂരില്‍ ഡിസംബര്‍ എട്ടിന് തകര്‍ന്നു വീണാണ് അതിലുണ്ടായിരുന്ന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപ് അടക്കം 14 പേര്‍ കൊല്ലപ്പെട്ടത്.

ഗുരുവായൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കേണ്ടത് - മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നഗര വികസന കാര്യങ്ങളില്‍ ഗുരുവായൂര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരിലെ ഗ്രാമ-നഗര പ്രദേശങ്ങളെ ഒന്നിച്ചു കൊണ്ട് നടത്തുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു തന്നെ വ്യത്യസ്തമാണ്. ലക്‌നൗവില്‍ നടന്ന അമൃത് മഹോത്സവത്തില്‍ ഗുരുവായൂരിന്റെ വികസനമാതൃക പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തതും അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നഗരസഭയുടെ ഡ്രെയിനേജ് ആന്‍ഡ് ഫുട്പാത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

cmsvideo
  CM Pinarayi Vijayan condoles death of Malayali Soldier A Pradeep | Oneindia Malayalam

  അമൃത് പദ്ധതിയില്‍ 17.38 കോടി ചെലവഴിച്ചാണ് ഡ്രെയിനേജ് ആന്‍ഡ് ഫുട്പാത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗുരുവായൂര്‍ ഇന്നര്‍ ഔട്ടര്‍ റോഡുകളിലും പുന്നത്തൂര്‍ ആനത്താവളം റോഡിലുമാണ് ഫുട്ട്പാത്ത് നിര്‍മ്മിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള വഴിവിളക്കുകള്‍, സ്റ്റീല്‍ ഹാന്‍ഡ്‌റില്‍സ് തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. വേദിയില്‍ വെച്ച് മൊമെന്റോ നല്‍കി മന്ത്രിയെ ആദരിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ എം പി അനീഷ്മ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, നഗരസഭയിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ എം രതി, മുന്‍ വൈസ് ചെയര്‍മാന്‍മാരായ കെ പി വിനോദ്, അഭിലാഷ് വി ചന്ദ്രന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  Thrissur
  English summary
  Chief Minister reached the house of Pradeep, a soldier who lost his life in a helicopter crash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X