ആരോഗ്യപ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
തൃശൂര്‍: ആരോഗ്യപ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 5049 ആരോഗ്യ സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ആരോഗ്യ പരിരക്ഷ താഴെ തട്ടില്‍ എത്തിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ആഴ്ചയില്‍ ആറുദിവസവും പ്രവര്‍ത്തനം, ഒമ്പത് തരം ലാബ് പരിശോധന, 36 തരം മരുന്നുകള്‍, രോഗികളുടെ തുടര്‍ ചികിത്സ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകാതെ ടെലി മെഡിസിന്‍ കേന്ദ്രങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി.

വേലൂര്‍ പഞ്ചായത്തിലെ കിരാലൂര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സപ്ന റഷീദ്, ഷെര്‍ലി ദിലീപ് കുമാര്‍, ഡിഎന്‍ഒ എം എസ് ഷിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍ സ്വാഗതവും വേലൂര്‍ എഫ്എച്ച്‌സി ഇന്‍സ്‌പെക്ടര്‍ പി എം ഫാറൂക് നന്ദിയും പറഞ്ഞു.
വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂര്‍ കുടുംബാരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്തിന്റെ പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പി കെ ഡേവിസ് മാസ്റ്റര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനിഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി എം ഗാവരോഷ്, ജെന്‍സി ബിജു, ഷീജ ഉണ്ണികൃഷ്ണന്‍, ലീന ഉണ്ണികൃഷ്ണന്‍, വിപിന്‍ തുടിയത്ത്, സി ആര്‍ ശ്യാം രാജ്, കെ തനുജ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂമംഗലം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ വിജയലക്ഷ്മി വിനയചന്ദ്രന്‍ നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. സതീഷ്, അജി തോമസ്, സുരേഷ് അമ്മനത്, ടി എ സന്തോഷ്, കത്രീന ജോര്‍ജ്, കെ എന്‍ ജയരാജ്, ഹൃദ്യ അജീഷ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആളൂര്‍ പഞ്ചായത്ത് കുഴുക്കാട്ടുശ്ശേരി ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സന്ധ്യ നൈസണ്‍ നിര്‍വഹിച്ചു.
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ ശിലാഫലകം അനാച്ഛാദനം ചെയ്തു. രതി സുരേഷ്, ഷൈനി തിലകന്‍, ജുമൈല നസീര്‍, ടി പി ശ്രീദേവി, ദിപിന്‍ പാപ്പച്ചന്‍, ബിന്ദു ഷാജു, എം എസ് വിനയന്‍, കെ ആര്‍ സുബ്രമണ്യന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പുന്നയൂര്‍ക്കുളം മൂന്നാം വാര്‍ഡില്‍ നടന്ന ചടങ്ങിന് എന്‍ കെ അക്ബര്‍ എം എല്‍ എ ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു.












Click it and Unblock the Notifications