'കുരുക്കിട്ടത്' കാട്ടുപന്നിക്ക് 'കുരുക്കായത്' പുള്ളിമാനിന്
തൃശൂര്‍: കാട്ടുപന്നിയെ പിടിക്കാനായി വെച്ച കെണിയില്‍ വീണ് പുള്ളിമാന്‍ ചത്തു. എളനാട് വെള്ളടി മണ്ടംപറമ്പ് ഭാഗത്ത് റോഡരികില്‍ പുലര്‍ച്ചെയാണ് പുള്ളിമാനെ ചത്തനിലയില്‍ കണ്ടത്. രാവിലെ ഇതുവഴി നടക്കാനിറങ്ങിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുരുങ്ങിയ നിലയില്‍ പുള്ളിമാനെ കണ്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കേബിള്‍ കുരുക്കില്‍ അകപ്പെട്ട പുള്ളിമാന്‍ രക്ഷപ്പെടാന്‍ കുറ്റിതകര്‍ത്തോടുന്നതിനിടെ കമ്പിവേലിയില്‍ കുരുങ്ങുകയായിരുന്നു.
മൂന്നുവയസ് പ്രായമായ ആണ്‍വര്‍ഗത്തില്‍ പെട്ട മാനാണ് ചത്തത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ മൃഗങ്ങള്‍ക്കായി വ്യാപകമായി കെണിയൊരുക്കുന്ന സംഘം സജീവമായി എന്നുള്ളതിന്റെ തെളിവായാണ് മാന്‍ കുരുങ്ങി ചത്തത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തികളുടെ ഒട്ടേറെ സ്ഥലങ്ങളുണ്ട്.

ആളൊഴിഞ്ഞ പറമ്പുകളാണ് ഏറെയും. അതിരുകളില്‍ ജൈവവേലികള്‍ സ്ഥാപിച്ച് ഇവിടെ വാഹനങ്ങളുടെ കേബിളുകള്‍കൊണ്ട് കെണി ഉണ്ടാക്കി കാട്ടുപന്നിയെ വീഴ്ത്താനാണ് കെണിസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മച്ചാട് റെയ്ഞ്ച് ഓഫീസര്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ എളനാട് ഫോറസ്റ്റ് അധികൃതരെത്തി നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.












Click it and Unblock the Notifications