ഗുരുവായൂരിനെ ഞെട്ടിച്ച മോഷണം; മൂന്ന് കിലോ സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയില്‍
തൃശൂര്‍: ഗുരുവായൂരില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ദില്ലയില്‍ വച്ചാണ് തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. എടപ്പാളില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി ധര്‍മ്മരാജാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിമാനമാര്‍ഗം പ്രതിയെ ഗുരുവായൂരില്‍ എത്തിച്ചു. ആനക്കോട്ട റോഡില്‍ തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ കെ വി ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. മേയ് 12 വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടിലെ മതില്‍ ചാടിക്കടന്ന ശേഷം പിന്‍വശത്തെ ഇരുമ്പ് കോണി വഴി ബാല്‍ക്കണിയിലെത്തി വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. താഴത്തെ മുറിയുടെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും പ്രതി കവര്‍ന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നില്ല. അജ്മാനില്‍ ജയ ജ്വലറി ഉടമയാണ് ബാലന്‍. മേയ് 12ന് വീട്ടുകാരോടൊപ്പം സിനിമയ്ക്ക് പോയപ്പോഴായിരുന്നു മോഷണം നടന്നത്. വീട്ടിലെ തൊഴിലാളികള്‍ അഞ്ചരയ്ക്ക് പോയിരുന്നു. പിന്നീട് ബാലന്‍ വീട്ടിലെത്തിയപ്പോള്‍ രാത്ര ഒമ്പതരയായിരുന്നു. അപ്പോഴാണ് മോഷണം നടന്നത്.

വീട്ടിലെത്തിയപ്പോള്‍ മുന്നിലെ വലിയ ഗേറ്റിന് സമീപത്തെ ചെറിയ ഗേറ്റ് തുറന്നുകിടന്നിരുന്നു. തെക്കേ മതിലിന്റെ മുകളില്‍ നിന്ന് അകത്തേക്ക് മോഷ്ടാവ് ചാടിയിറങ്ങിയതിന്റെ അടയാളങ്ങളുണ്ടായിരുന്നു. വീട്ടില്‍ നായ ഉണ്ടായിരുന്നെങ്കിലും തുറന്നുവിട്ടിരുന്നില്ല. പ്രവാസിയായ ബാലന് നാട്ടില്‍ സ്വര്‍ണാഭരണ വ്യവസായം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
അതേസമയം, ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഒരേ ദിവസം ഏഴോളം മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വന്‍കിട സ്ഥാപനങ്ങള്‍ ഒഴിവാക്കിയാണ് മോഷണം നടത്തിയത്. തിരുവല്ല മണിപ്പുഴയിലെ ഏഴ് കച്ചവട സ്ഥാപനങ്ങളില്‍ താഴു തകര്‍ത്താണ് മോഷണം നടന്നത്. ശ്രീശ്രീ ടെക്സ്റ്റൈല്‍, കുമാര്‍ സ്റ്റോഴ്സ്, കെ സി സ്റ്റോഴ്സ്, ഹോമിയോപ്പതി സെന്റര്‍, പുത്തന്‍ പുരയില്‍ സ്റ്റോഴ്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. രാവിലെയാണ് സംഭവം വ്യാപാരികള്‍ അറിയുന്നത്. കടകളില്‍ ഉണ്ടായിരുന്ന പണവും സിഗരറ്റും മറ്റ് സ്റ്റേഷനറി സാധനങ്ങളും ഉള്‍പ്പെടെ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമകള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പുള്ളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications