സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം; സസ്നേഹം തൃശ്ശൂരില്‍ പുതിയ പദ്ധതികള്‍
നിലവില്‍ ഭിന്നശേഷിക്കാരായ 682 പേര്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ 243 പേരാണ് സജീവമായി തൊഴില്‍ രംഗത്തുള്ളത്.

തൃശൂര്‍: പ്രത്യേക പരിഗണന ആവശ്യമായ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സസ്നേഹം തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ പുരോഗതി ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
തൊഴില്‍ സജ്ജരായ ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലുറപ്പ് കാര്‍ഡ് നല്‍കുന്നതിന് പഞ്ചായത്ത് തലത്തില്‍ പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികളെ നേരില്‍ക്കണ്ട് അവരുടെ തൊഴില്‍ സന്നദ്ധത മനസ്സിലാക്കിയ ശേഷം വേണം അവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കാന്‍.
നിലവില്‍ ഭിന്നശേഷിക്കാരായ 682 പേര്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ 243 പേരാണ് സജീവമായി തൊഴില്‍ രംഗത്തുള്ളത്. നിലവില്‍ തൊഴില്‍ കാര്‍ഡ് ലഭിച്ചവരില്‍ തൊഴിലില്‍ ഇറങ്ങാത്ത ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ കൂടുതല്‍ തൊഴിലുകള്‍ കണ്ടെത്തി നല്‍കാനും നിര്‍ദ്ദേശം നല്‍കി. വിവിധ വിഭാഗങ്ങളില്‍ പെട്ട ഭിന്നശേഷിക്കാര്‍ക്കായി കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനാവശ്യമായ മുളയാണി തയ്യാറാക്കല്‍, നഴ്സറി നിര്‍മാണത്തിനായുള്ള പോളി ബാഗില്‍ മണ്ണ് നിറയ്ക്കല്‍, തൈകള്‍ പോളിബാഗിലേക്ക് മാറ്റല്‍, തൈകളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍, തീറ്റപ്പുല്‍ നടീല്‍, ജൈവവേലി നിര്‍മാണം തുടങ്ങിയ ജോലികള്‍ താല്‍ക്കാലികമായി കണ്ടെത്തിയതായും യോഗം വിലയിരുത്തി.
നിലവില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പിലാക്കിയ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്കും അധിക 100 ദിനങ്ങള്‍ കൂടി ലഭിക്കാനുള്ള സാധ്യത ആരായുന്നതിനു വേണ്ടിയണിത്.
തൊഴില്‍ കാര്‍ഡും തൊഴിലും നല്‍കുന്നത് സംബന്ധിച്ച് പഞ്ചായത്തുകള്‍ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ ഐ ടി പ്രൊഫഷണല്‍ സി രോഹിത്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട് സിനോ സേവി, വനിതാ ശിശുവികസന ഓഫീസ് സൂപ്രണ്ട് പ്രേമന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് എം എച്ച് ഡെസ്നി, കെവൈഎല്‍എ പ്രതിനിധി സ്നിജ ജോയ്, ബിഡിഒമാര്‍, ജോയിന്റ് ബിഡിഒമാര്‍, എംജിഎന്‍ആര്‍ഇജിഎസ് അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications