തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാനില്‍ ഒളിച്ചിരിക്കുന്നത് വന്‍ അപകടഗര്‍ത്തം; പണിഞ്ഞിട്ടും പണിതീരാത്ത കുതിരാന്‍ തുരങ്കപാത തലവേദനയാകുന്നു...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാനില്‍ ഒളിച്ചിരിക്കുന്നത് വന്‍ അപകടഗര്‍ത്തം. ദേശീയപാത വഴുക്കുംപാറയില്‍നിന്ന് കുതിരാന്‍ കയറ്റം ആരംഭിക്കുന്നിടത്താണ് ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെടാതെ അപകടം ഒളിച്ചിരിക്കുന്നത്. പാലക്കാടുനിന്ന് തൃശൂരിലേക്ക് വരുന്ന റോഡിന്റെ ഇടതുഭാഗം ഇടിഞ്ഞ് കുഴിയായി മാറിയിരിക്കുന്നു.

<strong>കണ്ണൂരിൽ കരള്‍രോഗബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; നവവധുവിന്റെ മരണത്തില്‍ ദുരൂഹത, പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു!</strong>കണ്ണൂരിൽ കരള്‍രോഗബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; നവവധുവിന്റെ മരണത്തില്‍ ദുരൂഹത, പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു!

നിരന്തരമായി വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നുപോകുന്നതിനാല്‍ ഈഭാഗത്ത് മണ്ണിടിഞ്ഞ് റോഡിന്റെ അടിഭാഗത്ത് ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. തൃശൂരില്‍നിന്ന് പാലക്കാട്ടേക്കും തൃശൂരിലേക്കും നിരവധി ചരക്കുലോറികള്‍ കുതിരാന്‍വഴി കടന്നുപോകുന്നത്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഗര്‍ത്തത്തിലേക്ക് വീഴുന്നതിനുള്ള സാധ്യത ഏറെയാണ്. മഴക്കാലം ശക്തമാകുന്നതോടെ മണ്ണിടിച്ചില്‍ കൂടുകയും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനും ഇതോടെ കാരണമാകും.

Thrissur Map

ദേശീയപാത കുതിരാനില്‍ വാഹന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ മണ്ണിടിഞ്ഞുകിടക്കുന്ന ഭാഗത്തോടു ചേര്‍ന്നാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇങ്ങനെ ഒരറ്റം ചേര്‍ന്ന് പോകുന്ന വാഹനങ്ങള്‍, മണ്ണിടിഞ്ഞ് രൂപപ്പെട്ട കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാം. മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ കുതിരാന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനും സാധ്യത ഏറെയാണ്. ഇതിന് മുന്നോടിയായി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈക്കൊള്ളേണ്ടതാണ്.

പണിഞ്ഞിട്ടും പണിതീരാത്ത കുതിരാന്‍ തുരങ്കപാത തലവേദനയായി. ദേശീയപാതയില്‍ കുതിരാന്‍ ഭാഗത്തു മഴക്കാലത്തു മണ്ണിടിച്ചില്‍ സ്ഥിരമായതോടെ ഗതാഗതക്കുരുക്കു കുറയ്ക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് തുരങ്കപാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ കരാര്‍ നല്‍കിയെങ്കിലും കാത്തിരിപ്പു നീളുകയാണ്. 100 കോടി രൂപ ചെലവില്‍ ഇരട്ടതുരങ്കപാതയ്ക്കു 10 വര്‍ഷം മുമ്പാണ് പദ്ധതിയിട്ടത്. ഇപ്പോള്‍ ചെലവ് 150 കോടിയായി. 2016 ല്‍ നിര്‍മാണം തുടങ്ങി. മുഖ്യ കരാറുകാരായ കെ.എം.സി. കമ്പനി ഇനി 50 കോടി രൂപ കൂടി നല്‍കണമെന്ന് ഉപ കരാറെടുത്ത മുംബൈ പ്രഗതി എഞ്ചിനീയറിങ് കമ്പനിയുടെ നിലപാട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അധിക തുക അനുവദിക്കാന്‍ വിമുഖത കാട്ടിയതാണ് സാമ്പത്തികപ്രതിസന്ധിക്കു കാരണമായി പറയുന്നത്.

അതിനിടെയാണ് കഴിഞ്ഞദിവസം രൂക്ഷമായ ഗതാഗതകുരുക്കുണ്ടായത്. അതോടെ ട്രയല്‍റണ്‍ പോലും നടത്താതെ പാത ഭാഗികമായി നാലു മണിക്കൂര്‍ നേരത്തേക്കു തുറന്നുകൊടുത്തു. ഇതു ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങള്‍ക്കിടയാക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാര്യമായ പ്രശ്‌നമൊന്നുമില്ലാതെ വാഹനങ്ങള്‍ ഓടിച്ചുവെന്നു മാത്രം. തുരങ്കത്തിന്റെ സുരക്ഷാ പരിശോധന, റോഡിന്റെ അവസ്ഥ, അപകടമോ മറ്റോ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയൊന്നുമില്ലാതെയാണ് തല്‍ക്കാലത്തേക്കു പാത തുറന്നിട്ടത്.

രണ്ടു തുരങ്കപാതകളാണ് നിര്‍മിക്കേണ്ടത്. ആദ്യത്തേതിന്റെ നിര്‍മാണം 90 ശതമാനവും കഴിഞ്ഞുവെങ്കിലും അവസാനറൗണ്ട് പരിശോധന കഴിഞ്ഞാലേ തുറന്നു കൊടുക്കാനാകൂ. രണ്ടാമത്തെ തുരങ്കനിര്‍മാണവും 80 ശതമാനത്തില്‍ അധികം പിന്നിട്ടു. 920 മീറ്ററാണ് തുരങ്കപാതയുടെ നീളം. തുരങ്കമുഖത്തുനിന്ന് കൃത്യം ഒരു കി.മീറ്റര്‍ നീളമുള്ള പാതയുടെ വീതി 14 മീറ്ററാണ്. ഉയരം 10 മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനും വിഭാവനം ചെയ്തിരുന്നു.

ആവശ്യമായ തുക ലഭിച്ചില്ലെന്നു പറഞ്ഞ് കരാര്‍ കമ്പനി നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനിടെ സംസ്ഥാന പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ കരാര്‍ കമ്പനിയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 31 നകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനമാണ് മന്ത്രിക്കു ബന്ധപ്പെട്ടവര്‍ നല്‍കിയത്. അതനുസരിച്ച് മന്ത്രി പ്രഖ്യാപനവും നടത്തി. നിര്‍മാണത്തില്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡം സ്വീകരിച്ചിരുന്നില്ലെന്നു പരാതിയുണ്ട്. പ്രളയകാലത്ത് കുതിരാന്‍ തുരങ്കമുഖത്തു വന്‍തോതില്‍ മണ്ണിടിഞ്ഞിരുന്നു. ഇതും പരാതികളുടെ ശക്തി കൂട്ടി.

തുരങ്കനിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നും അതിനുള്ളിലേക്ക് വെള്ളമൊഴുകിയെത്തിയെന്നും തൊഴിലാളികളില്‍ ഒരു വിഭാഗവും പരാതിപ്പെട്ടു. ഇതോടെ സുരക്ഷാക്രമീകരണം സംബന്ധിച്ചു വിശദാന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നു. തുരങ്കത്തിന്റെ മുഖഭാഗത്ത് പാറക്കെട്ടുകള്‍ അപകടകരമായ നിലയില്‍ വീണിരുന്നു. ഇതു പൊട്ടിച്ചുകളയണമെന്ന ആവശ്യവുമായി വനംവകുപ്പിന് ദേശീയപാത അതോറിറ്റി കത്തും നല്‍കി. എന്നാല്‍ പാറ പൊളിച്ചുമാറ്റാന്‍ ഇതുവരെ അനുമത ിനല്‍കിയിട്ടില്ല. തുരങ്കപാത എന്നു തുറക്കാനാകുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. സംസ്ഥാന സര്‍ക്കാരിനും ഫലപ്രദമായി ഇടപെടാനാകുന്നില്ല. കേന്ദ്രസര്‍ക്കാരിനെ കണ്ടു സമ്മര്‍ദം ശക്തമാക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ശീതസമരമാണ് പ്രശ്‌നം.

Thrissur
English summary
Drivers troubled in Kuthiran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X