കുപ്രസിദ്ധ വാടകഗുണ്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളും ഇരിങ്ങാലക്കുടയില്‍ അറസ്റ്റിൽ; നിരവധി കേസുകളിലെ പ്രതിപോലീസ് ഓടിച്ചിട്ട് പിടികൂടി !
തൃശൂര്‍: നിരവധി ക്രിമിനല്‍, കഞ്ചാവു കേസുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നുപേര്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. പൊറത്തിശ്ശേരി മുതിരപ്പറമ്പില്‍ ഡ്യൂക്ക് പ്രവീണ്‍ (21), കിഴുത്താണി മേപ്പുറത്ത് ചിന്നന്‍ വിഷ്ണു(വിഷ്ണുപ്രസാദ് -22), ചിറയ്ക്കല്‍ അയ്യേരി ബിനില്‍ (23) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.
ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ രാത്രി അതിക്രമിച്ചു കയറി കേസില്‍ പിടിച്ച വാഹനം കടത്തിക്കൊണ്ടു പോയതും ആളൂരില്‍ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയതും അര്‍ദ്ധരാത്രി എതിരാളികളുടെ വീടാക്രമിക്കാന്‍ പോകുന്നതിനിടയില്‍ ഇവരുടെ വാഹനം തടഞ്ഞ മാള സ്റ്റേഷനിലെപോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചതും ഇവരുടെ സംഘമാണ്.

കാട്ടൂരില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക് ഇരിങ്ങാലക്കുട കാട്ടൂര്‍, ആളൂര്‍, മാള സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി, ആയുധം കൈവശംവയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പത്തോളം കേസുകളുണ്ട്. കാര്‍ വാടകയ്‌ക്കെടുത്ത് പഴനിയില്‍നിന്ന് കഞ്ചാവു വാങ്ങാന്‍ പോകുന്നതിനിടയില്‍ പാലക്കാടുവച്ച് കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസില്‍ തൃശൂരില്‍തിരികെയെത്തി മറ്റൊരു കാര്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.
കുറച്ചു ദിവസങ്ങളായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്ന പോലീസ് സംഘം ചൊവ്വാഴ്ച രാത്രി തൃശൂര്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ പോലീസിനെ കണ്ട് സംഘം ചിതറി ഓടുകയായിരുന്നു. ഏറെ ശ്രമകരമായാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. കഞ്ചാവടിച്ചാല്‍ പരാക്രമിയായി മാറുന്ന ഡ്യൂക്ക് പ്രവീണ്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഇരിങ്ങാലക്കുട, കിഴുത്താണി മേഖലകളില്‍ പലരേയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. എസ്.ഐ. കെ.എസ്. സുബിന്ത്, എ.കെ. മനോജ്, ഇ.എസ്. ജീവന്‍, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, കൊട്ടില്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications