പാലിയേക്കര ടോളിൽ റെയ്ഡ് ; 125 കോടിയുടെ അഴിമതി കണ്ടെത്തി ഇ ഡി
തൃശൂര്‍: പാലിയേക്കര ടോളിൽ നടത്തിയ റെയ്ഡിൽ ഇ ഡി കണ്ടെത്തിയത് കോടികളുടെ അഴിമതി. റോഡ് നിർമാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചതായി ഇന്നലെ ഇ ഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ 125 കോടി മരവിപ്പിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അഴിമതി സംബന്ധിച്ച് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇ ഡി കത്ത് നൽകിയിട്ടുണ്ട്. ഇതിന് കൂട്ടു നിന്ന ദേശീയ പാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരെക്കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്തത് ജി ഐ പി എൽ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ പാലിയേക്കര ഓഫീസിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
ജി ഐ പി എലും പങ്കാളിയായ ഭാരത് റോഡ് നെറ്റ് വർക് ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ 102 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം സി ബി ഐ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തി. 2006 മുതൽ 2016 വരെയുള്ള 10 വർഷങ്ങളിലായി കമ്പനി വെട്ടിപ്പ് നടത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
കരാർ പ്രകാരമുളള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന ക്രമക്കേട് ഇ ഡി കണ്ടെത്തി. ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ടോൾ പിരിച്ചു കിട്ടിയ തുക കരാർ കമ്പനി മ്യൂച്വൽ ഫണ്ടുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഇ ഡി കണ്ടെത്തി.












Click it and Unblock the Notifications