കോഴിയെ ഭയന്ന് ആന, വിചിത്രമായി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ശീവേലി
തൃശൂർ: ക്ഷേത്രത്തിലെ ഉത്സവങ്ങളിൽ ആനയിടയുന്നത് സാധാരണമാണെങ്കിൽ ക്ഷേത്രത്തിലെ പൂവൻ കോഴികളെ കണ്ട് കൊമ്പൻ ഭയക്കുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം. തൃശൂരിലെ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലാണ് ഈ വിചിത്ര സംഭവം.
പൂവന്‍ കോഴികളെ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്ഥലമാണ് പഴയന്നൂര്‍ ഭഗവതി ക്ഷേത്രം. കോഴിയെ കണ്ടപ്പോൾ ആനയ്ക്കുണ്ടായ പേടി കാരണം ഉത്സവത്തിന് നടന്നത് ആനയില്ലാ ശീവേലിയായിരുന്നു. പഴന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് രണ്ടാം വിളക്ക് ദിനമായ ചൊവ്വാഴ്‌ച രാവിലെ നടന്ന കാഴ്‌ചശീവേലിക്കിടെയാണ് സംഭവം.

എഴുന്നള്ളിപ്പിനെത്തിയ ചിറ്റേപുറത്ത് ശ്രീക്കുട്ടൻ എന്ന ആന പൂവൻകോഴികളെ കണ്ട് ഭയന്ന് പരിഭ്രമം കാട്ടുകയായിരുന്നു.
ആന ഭയന്നതുകണ്ട ഭക്തരും പലവഴിക്ക് ചിതറിയോടി. ആന കോഴികളെ കണ്ട് എഴുന്നള്ളത്തിനിടെ അസ്വസ്ഥനാകുന്നത് ആവർത്തിച്ചപ്പോൾ ആനയെ എഴുന്നള്ളിക്കുന്നത് നിറുത്തി തിരിച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആനയില്ലാ ശീവേലി നടത്തി ക്ഷേത്രച്ചടങ്ങുകൾ പൂർത്തിയാക്കി.ഭക്തർ വഴിപാടായി പൂവൻ കോഴികളെ സമർപ്പിക്കുന്ന ക്ഷേത്രത്തിൽ കോഴികൾ സദാ സമയവും ക്ഷേത്രാങ്കണത്ത് ഉണ്ടാവാറുണ്ട്.
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുവും ഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഭക്തർ സമർപ്പിക്കുന്ന പൂവൻ കോഴികൾ ക്ഷേത്രവളപ്പിലും പരിസരത്തുമെല്ലാം സ്വൈര്യവിഹാരം നടത്തുന്നത് ഇവിടുത്തെ സ്ഥിരം കാഴ്‌ചയുമാണ്. ക്ഷേത്രശ്രീകോവിലിന് മുന്‍പിലും നാലമ്പലത്തിലും മുല്ലത്തറയിലും പുറത്തെ ഇടവഴികളിലുമെല്ലാം ഇവയെ കാണാം. ഇവയ്ക്ക് അന്നം നൽകുന്നതും പ്രധാന വഴിപാടാണ്.












Click it and Unblock the Notifications