കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം: നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി
തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ വലിയ പ്രതിഷേധവുമായി നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും രംഗത്ത് എത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ച് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിനും മുത്തച്ഛനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയേയും ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. ബൈക്കില്‍ നിന്ന് ഇറങ്ങി ചിതറിയോടുന്നതിനിടെ കുട്ടിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലക്ക് കാട്ടാനയുടെ ചവിട്ടേറ്റു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ അപകടനില തരണം ചെയ്തു. നിഖിലും ജയനും ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തു.

അതേസമയം കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തില്‍ മേഖലയിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണുന്നതിനായി ആനമതില്‍ നിര്‍മ്മിക്കുക എന്ന നാട്ടുകാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും അവശ്യം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആറളം ഫാമില്‍ ഇന്ന് ചേര്‍ന്ന മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായും മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
പ്രാദേശികമായി തദ്ദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്ത് അവരെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കണമെന്നും അതിനനുസരിച്ച് ശാശ്വത പരിഹാരം കാണുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ആനമതില്‍ നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കുന്നതാണ്.
യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പുമന്ത്രി ശ്രീ. കെ.രാധാകൃഷ്ണന്‍, എം.എല്‍.എമാരായ കെ.കെ.ശൈലജ ടീച്ചര്‍, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, എ.പി.സി.സി.എഫ് പി.പുകഴേന്തി, നോര്‍ത്തേണ്‍ റീജ്യണ്‍ സി.സി.എഫ് കെ.വി. ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ സി.സി.എഫ് വിനോദ് കുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍്ട്ടി പ്രതിനിധികള്‍,പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.












Click it and Unblock the Notifications