• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ അഗ്നി ബാധ; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു, നിയന്ത്രണ വിധേയമായത് രണ്ട് മണിക്കൂറിന് ശേഷം!!

  • By Desk

തൃശൂര്‍: തൃശൂര്‍ നഗരത്തെ നടുക്കി പട്ടാളം മാര്‍ക്കറ്റില്‍ വന്‍ അഗ്നി ബാധ. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് ശക്തന്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പുതിയ പട്ടാളം മാര്‍ക്കറ്റിലെ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്ക് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട സമീപ പ്രദേശക്കാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മൂന്നോടെ വന്‍തോതില്‍ തീ ആളിപ്പടര്‍ന്നു.

ചെന്നിത്തലക്ക് കോടിയേരിയുടെ രൂക്ഷ വിമർശനം; എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയല്ല, രാഹുലിന് വിധേയനാകണം!

രണ്ടു കടകള്‍ പൂര്‍ണമായും ഒരു കട ഭാഗികമായും കത്തിനശിച്ചു. എട്ടോളം കടകളിലേക്ക് തീപടര്‍ന്നെന്നാണ് വിവരം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഏകദേശം രണ്ടുമണിക്കൂറോളം നിന്നുകത്തിയ തീ നാലരയോടെയാണ് നിയന്ത്രണ വിധേയമായത്. വൈദ്യുത ലൈനുകള്‍ ഉരഞ്ഞ് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കരിയിലകള്‍ കത്തിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മാലിന്യങ്ങള്‍ തീയിട്ടതില്‍നിന്നും കത്തിപ്പിടിച്ചതാണെന്നും ടയറുകള്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടെ തീപ്പൊരി വീണു കത്തിയതാണെന്നും അഭ്യൂഹമുണ്ട്.

പഴയ വാഹനങ്ങളുടെ ടയറുകളും സ്‌പെയര്‍പാര്‍ട്‌സുകളും വില്‍ക്കുന്ന 120 തോളം കടകളാണ് അഞ്ചു വരികളിലായി തീപിടിത്തം നടന്ന ഭാഗത്തുള്ളത്. ഈ ഭാഗത്തുള്ള ഇ.ഐ. ഫ്രാന്‍സിസിന്റെ 106-ാം നമ്പര്‍ കടയ്ക്ക് സമീപമായിരുന്നു ആദ്യം തീ കത്തിപ്പടര്‍ന്നത്. കട നടത്തുന്നവര്‍ ഭക്ഷണം കഴിക്കാന്‍പോയ സമയമായതിനാല്‍ തീപിടിത്തം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. തീ ആളിയതോടെ ഓടിയെത്തിയ ആളുകള്‍ ടയറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പെറുക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ടയറുകളില്‍ തീപിടിച്ചുണ്ടായ കറുത്ത പുകയില്‍ അകപ്പെട്ട് പിന്‍മാറേണ്ടി വന്നു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഒരു ഫയര്‍ എഞ്ചിന്‍ വെള്ളംകൊണ്ട് തീയണക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

അഗ്നി ബാധ നിയന്ത്രണാതീതമായതോടെ ഉടന്‍ തന്നെ തൃശൂരിന് പുറമേ പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, നാട്ടിക, ഗുരുവായൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകളില്‍നിന്നും ഫയര്‍ എഞ്ചിനുകളെത്തിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകളും നിരവധി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രിക്കാനായത്. മുപ്പത് ലോഡ് വെള്ളം എത്തിച്ചാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ തീയണച്ചത്. 120 കടകള്‍ക്കും ഇന്‍ഷൂറന്‍സ്, ലൈസന്‍സ് എന്നിവ ഇല്ലാത്തതിനാല്‍ കത്തിനശിച്ച വസ്തുക്കളുടെ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് കടയുടമകള്‍ പറഞ്ഞു. ഇ.ഐ. ഫ്രാന്‍സിസ്, മോഹനന്‍, ജെന്‍സണ്‍, പോളി, ഡെന്നി, ജോയ്, കെ.എസ്. ഫ്രാന്‍സിസ് തുടങ്ങിയവരുടെ കടകളെയാണ് തീപിടിത്തം ബാധിച്ചത്.

ഉച്ചകഴിഞ്ഞ സമയത്ത് അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ ആളുകളെ പരിഭ്രാന്തരാക്കി. ടയറുകളും പെട്രോള്‍ ടാങ്കുകളും വന്‍ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തീപിടിത്തം ഉണ്ടായതിന് സമീപം എയ്‌സ് കോളജ് ബില്‍ഡിങ്ങിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പിലേക്കും തീ പടര്‍ന്നു. ഈ ഭാഗത്ത് റിപ്പയറിങ്ങിനായി കയറ്റിയിട്ട ബൈക്കുകളും വാഹനങ്ങളും അഗ്നിക്കിരയായി. മരങ്ങളും കത്തിക്കരിഞ്ഞു. ഫയര്‍ഫോഴ്‌സ് ഉടനടി തീയണച്ചില്ലായിരുന്നെങ്കില്‍ സമീപത്തെ കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും തീപടരുമായിരുന്നു.

കനത്ത കറുത്തപുക ഈ ഭാഗത്തെ താമസക്കാരെ ഭയപ്പെടുത്തി. തീ പടര്‍ന്ന ഭാഗത്തിന് മറുവശം കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രമാണ്. ഈ ഭാഗങ്ങളില്‍ നാടോടികള്‍ മാലിന്യം ചാക്കുകളില്‍ ശേഖരിച്ചു വച്ചിട്ടുമുണ്ട്. തീ വശങ്ങളിലേക്കും മുന്‍ഭാഗത്തേക്കും പടര്‍ന്നിരുന്നെങ്കില്‍ നഗരം ഒട്ടാകെ കത്തുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ശക്തന്‍ സ്റ്റാന്‍ഡിലെ ബസുകള്‍ മാറ്റിയിട്ടു. പോലീസ് ശക്തന്‍ നഗറിലെയും കെ.എസ്.ആര്‍.ടി.സി. റോഡിലെയും ഗതാഗതം നിയന്ത്രിച്ചു. യാത്രക്കാരായ ജനങ്ങള്‍ സംഭവ സ്ഥലത്ത് തിങ്ങിക്കൂടി. സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള പോലീസുകാരും മന്ത്രി വി.എസ്. സുനില്‍കുമാര്‍, കെ. രാജന്‍ എം.എല്‍.എ. എന്നിവരും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Thrissur

English summary
Fire in Thrissur Pattalam market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more