കടലില്‍ കുടുങ്ങി വള്ളവും 41 മത്സ്യത്തൊഴിലാളികളും; രക്ഷകരായി ഫിഷറീസ് റെസ്‌ക്യൂ ബോട്ട്
തൃശൂര്‍: ചേറ്റുവ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ഹാര്‍ബറില്‍ നിന്നും പുലര്‍ച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുളള ബര്‍ക്കത്ത് എന്ന വള്ളമാണ് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.
വൈകീട്ട് നാല് മണിയോടുകൂടിയാണ് വള്ളം അഴീക്കോട് അഴിയില്‍ നിന്നും കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കടലിലായി വള്ളം കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എ എസ് ഐ വി എം ഷൈബു , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് കൂമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റസ്‌ക്യൂ ഗാര്‍ഡമാരായ അന്‍സാര്‍ ,ഷിഹാബ് ,ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവരെല്ലാം ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചേറ്റുവയിലും അഴീക്കോടും ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി അനിത അറിയിച്ചു.
അതേസമയം, കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 12 മുതല്‍ 14 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലൈ 12ന് വടക്കന്‍ കേരള- കര്‍ണാടക തീരങ്ങള്‍, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിലും ജൂലൈ 13,14 തീയതികളില്‍ കേരള- കര്‍ണാടക തീരങ്ങള്‍, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം.
ജൂലൈ 14ന് ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.


Click it and Unblock the Notifications