തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ നിറംകെട്ട് തൃശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവം; 24 വേദികൾ.. വെറും രണ്ട് ദിവസം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയത്തില്‍ നിറംകെട്ട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം. ആളും ആരവവുമില്ലാത്ത തുടക്കം മത്സരങ്ങളെയും ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ചെലവു ചുരുക്കല്‍ കലോത്സവമെന്ന പേരില്‍ കലോത്സവം വെറും ചടങ്ങ് തീര്‍ക്കലായെന്ന് വ്യാപക പരാതിയും. നഗരത്തിലെ 24 വേദികളിലായി രണ്ടുദിവസം കൊണ്ട് കലോത്സവത്തിന് സമാപനം കുറിക്കാനുള്ള തീരുമാനം മത്സരാര്‍ഥികളെ വലയ്ക്കുന്നു.

<strong>നവ്ജ്യോത് സിങ് സിദ്ദുവിനെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി; പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും!</strong>നവ്ജ്യോത് സിങ് സിദ്ദുവിനെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി; പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും!

രാവിലെ തുടങ്ങേണ്ട മത്സരങ്ങള്‍ പതിവുപോലെ ഇത്തവണയും തുടങ്ങാന്‍ ഏറെ വൈകി. ഒന്നാം വേദിയായ ചെമ്പുക്കാവ് ഹോളി ഫാമിലി ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ നൃത്ത ഇനങ്ങള്‍ തുടങ്ങിയപ്പോള്‍ കാണികളായുണ്ടായിരുന്നത് ഇരുപതില്‍ താഴെ പേര്‍ മാത്രം. രണ്ടാം വേദിയായ ഹോളി ഫാമിലി ഗേള്‍സില്‍ നടന്ന മാര്‍ഗം കളി കാണാനും ബാലഭവനില്‍ നടന്ന മാപ്പിളപ്പാട്ട് മത്സരം കാണാനുമാണ് അമ്പതോളം പേര്‍ എത്തിയത്.

മറ്റു വേദികള്‍ പലതും കലാസ്വാദകര്‍ കൈയൊഴിഞ്ഞു. മാപ്പിളകലകള്‍ പലതും ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിയതും കലാസ്വാദകര്‍ക്ക് തിരിച്ചടിയായി. കാണികള്‍ കൈയൊഴിഞ്ഞ കലോത്സവത്തെ സംഘാടകരും പൂര്‍ണ തോതില്‍ കൈയൊഴിഞ്ഞ മട്ടാണ്. ഒന്നിനുമൊരു ഏകോപനമില്ല. വേദികള്‍ തിരഞ്ഞ് മത്സരാര്‍ഥികള്‍ നെട്ടോട്ടമോടുകയാണ്. വേദിക്ക് മുമ്പില്‍ പോലും വേദി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വയ്ക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിട്ടില്ല. നൃത്ത ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഗ്രീന്റൂമില്ലാതെ ബുദ്ധിമുട്ടി. പ്രളയത്തിന്റെ പേര് പറഞ്ഞുള്ള ചെലവ് ചുരുക്കലില്‍ ഗ്രീന്‍ റൂമും സംഘാടകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വേദിക്ക് സമീപമുള്ള മൂത്രപ്പുരകളാണ് പെണ്‍കുട്ടികള്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്നത്. ഉടുത്തുകെട്ടലും ചമയവുമൊക്കെ നാലാള്‍ കാണ്‍കെ വേദിക്ക് സമീപം ചെയ്യണം. എല്ലാം ചെലവ് ചുരുക്കലാണത്രെ. പല വേദികളിലും കുടിവെള്ളം പോലും കിട്ടാക്കനിയാണ്. മീഡിയാ സെന്റര്‍ അന്വേഷിച്ച് പല മത്സരാര്‍ഥികളും തെക്ക് -വടക്ക് നടക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു സെന്റര്‍ വൈകിട്ടു വരെ എവിടേയുമുണ്ടായിരുന്നില്ല. അത് പറഞ്ഞുകൊടുക്കാന്‍ സംഘാടകരുമില്ല. ശബ്ദ സംവിധാനത്തെ കുറിച്ചും വിധി കര്‍ത്താക്കളെ കുറിച്ചുമുള്ള പതിവ് പരാതികള്‍ക്കും ഇത്തവണ ഒരു കുറവുമില്ല. മത്സരങ്ങള്‍ അവസാനിച്ചിട്ട് റിസല്‍ട്ട് ലഭിക്കാത്തില്‍ മോഡല്‍ ഗേള്‍സില്‍ രക്ഷിതാക്കളും മത്സരാര്‍ഥികളും പ്രതിഷേധിച്ചു. റിസള്‍ട്ട് പ്രഖ്യാപിച്ചിട്ടും ഗ്രേഡ് നില അറിയാത്തിനാല്‍ അപ്പീല്‍ നല്‍കേണ്ട വിദ്യാര്‍ഥികള്‍ ഇതു മൂലം ബുദ്ധിമുട്ടി. വിദ്യാര്‍ഥികള്‍ മത്സരത്തിന്റെ ആവേശത്തില്‍ അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ മടികാണിച്ചെങ്കിലും രോഷാകുലരായിരുന്നു.

കഥാപ്രസംഗവേദി: ആവര്‍ത്തന വേദിയായി

കഥാപ്രസംഗവേദി: ആവര്‍ത്തന വേദിയായി

ഡയറ്റിലെ കലോത്സവ വേദിയില്‍ കഥാപ്രസംഗത്തിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മുപ്പതോളം മത്സരാര്‍ഥികള്‍ . വിഷയാവതരണം ആവര്‍ത്തന വിരസതയുണ്ടാക്കി.

കലോത്സവവേദി മാറ്റിയത് മത്സരാര്‍ഥികളെ വലച്ചു

കലോത്സവവേദി മാറ്റിയത് മത്സരാര്‍ഥികളെ വലച്ചു

കലോത്സവം നടക്കുന്നതിന് തൊട്ട് മുന്‍പ് വേദി മാറ്റിയത് മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ചു. കലോത്സവത്തിലെ ഇനമായ ബാന്റ് മത്സരവേദിയാണ് മത്സരം നടക്കുന്നതിന് തൊട്ടു മുന്‍പ് മാറ്റിയത്. ഇതുമൂലം മത്സരങ്ങള്‍ വളരെ വൈകിയാണ് ആരംഭിച്ചത്. മത്സരം കാണാനെത്തിയവരും വളരെ ചുരുങ്ങി.

കലോത്സവത്തിലെ ഇനമായ ബാന്റ് മേള ത്തിന്റെ മത്സരവേദിയായി നിശ്ചയിച്ചിരുന്നത് പോലീസ് അക്കാദമി ഗ്രൗണ്ടായിരുന്നു.എന്നാല്‍ പോലീസ് അക്കാദമി അധികൃതര്‍ ബുധനാഴ്ച രാവിലെ അസൗകര്യങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള രാമവര്‍മപുരം സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. വേദി മാറ്റിയതറിയാതെ അക്കാദമി ഗ്രൗണ്ടിലെത്തിയവര്‍ തിരികെ പോയി.

നോട്ടുനിരോധനം: കേന്ദ്രത്തെ വിമര്‍ശിച്ച് സംസ്ഥാന മന്ത്രിയുടെ മകന്‍

നോട്ടുനിരോധനം: കേന്ദ്രത്തെ വിമര്‍ശിച്ച് സംസ്ഥാന മന്ത്രിയുടെ മകന്‍

നോട്ടുനിരോധനത്തിനെതിരേ വിമര്‍ശനം തൊടുത്ത് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ മകന്‍ നിരഞ്ജന്‍ കൃഷ്ണയുടെ മോണോആക്ട് ശ്രദ്ധേയമായി. ജനങ്ങളെ അടക്കിഭരിക്കുന്ന കേന്ദ്ര ഭരണനേതാക്കളും ഗത്യന്തരമില്ലാതെ അലയുന്ന ജനങ്ങളുമാണ് നിരഞ്ജന്റെ അവതരണത്തില്‍ നിറഞ്ഞത്. ഭാരതേന്ദു ഹരിശ്ചന്ദ്ര എഴുതിയ അന്തേര്‍നഗര്‍ ചവൂപ്പെട്ടിരാജ എന്ന ആക്ഷേപഹാസ്യമാണ് മോണോആക്ട് രൂപത്തില്‍ നിരഞ്ജന്‍ വേദിയിലെത്തിച്ചത്. പശുപൂജയും മന്ത്രിമാരുടെ തമ്മില്‍തല്ലുമെല്ലാം മോണോആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമവിലക്കും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്തവിധം മാധ്യമങ്ങളെയും ജനങ്ങളെയും നിശബ്ദരാക്കുന്ന ഭരണകൂട ഇടപെടലുകളും നിരഞ്ജന്‍ ചവൂപ്പെട്ടിരാജയിലൂടെ അവതരിപ്പിച്ചു. വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് നിരഞ്ജന്‍. വൈശാഖ് അന്തിക്കാട് ആണ് മോണോആക്ടിലെ ഗുരു. പത്താംക്ലാസില്‍ മോണോആക്ടിന് എ ഗ്രേഡ് നേടിയിരുന്നു.

ആദിവാസി യുവാവ് മധുവിനെ വേദിയിലെത്തിച്ച് മോണോ ആക്ടില്‍ ദേവിക

ആദിവാസി യുവാവ് മധുവിനെ വേദിയിലെത്തിച്ച് മോണോ ആക്ടില്‍ ദേവിക

കണ്ണകിയുടെ പ്രതികാരവും സമകാലിക സംഭവങ്ങളും കൂട്ടിയിണക്കി ദേവിക ആര്‍. മേനോന്‍ അവതരിപ്പിച്ച മോണോആക്ട് ഒന്നാംസ്ഥാനം നേടി. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണവും പീഡനങ്ങളും കണ്ണകിയുടെ ജീവിതവുമായി ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു ദേവിക. ആദിവാസി യുവാവ് മധുവിനെ വേട്ടയാടിക്കൊന്ന സമൂഹത്തെയും ദേവിക മോണോആക്ടില്‍ അവതരിപ്പിച്ചു. തന്റെ ഭര്‍ത്താവിന് നീതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന കണ്ണകിയുടെയും അരി മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ നാട്ടുകൂട്ടം തല്ലിക്കൊന്ന മധുവിന്റെ അമ്മയുടെയും കണ്ണീരുകള്‍ കാലമെത്ര കഴിഞ്ഞാലും മാറാത്ത സമൂഹത്തിന്റെ പര്യായങ്ങളാണെന്ന് ദേവിക ചൂണ്ടിക്കാട്ടുന്നു.

പുറനാട്ടുകര ശ്രീ ശാരദാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവിക. സതി പ്രമേയമാക്കി നാടോടിനൃത്തവും ഇന്ന് നടക്കുന്ന കേരള നടനത്തില്‍ ഹിഡുംബിയുടെ കഥയും ദേവിക അവതരിക്കുന്നുണ്ട്. പുറനാട്ടുകര പാട്ടത്തില്‍ വീട്ടില്‍ രാമചന്ദ്രന്റെയും സിന്ധുമോളുടെയും മകളാണ് ദേവിക ആര്‍. മേനോന്‍. ജയന്‍ അവണൂരാണ് മോണോആക്ട് പരിശീലിപ്പിക്കുന്നത്. ജില്ലാ കലോത്സവത്തിലെ മോണോആക്ട് മത്സരങ്ങള്‍ പൊതുവെ നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ പറയുന്നു. മഹാപ്രളയം, ട്രാന്‍സ്‌ജെന്ററുകളുടെ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, ശബരിമല വിഷയം, ബാലവേല തുടങ്ങി സമകാലീന സംഭവങ്ങളാണ് മോണോആക്ടില്‍ നിറഞ്ഞു നിന്നത്.

മാപ്പിളപ്പാട്ടില്‍ അനഘ ഒന്നാമത്

മാപ്പിളപ്പാട്ടില്‍ അനഘ ഒന്നാമത്

മാപ്പിളപ്പാട്ടിന്റെ മധുരത്തില്‍ അമ്പാടം സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ വി.എസ്. അനഘ ഒന്നാമത്. നദ്വത്തുന്‍ജസായങ്കള്‍ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടാണ് അനഘ അവതരിപ്പിച്ചത്. മലയാളം പദ്യം ചൊല്ലലിലും അനഘ പങ്കെടുക്കുന്നുണ്ട്.

സമകാലിക സമൂഹത്തെ വിമര്‍ശിച്ച്ചാക്യാര്‍കൂത്തില്‍ ഗണേഷ്

സമകാലിക സമൂഹത്തെ വിമര്‍ശിച്ച്ചാക്യാര്‍കൂത്തില്‍ ഗണേഷ്

കന്നിമത്സരം മധുരം. ചാക്യാര്‍കൂത്തില്‍ ഒന്നാംസ്ഥാനം നേടിയ ഗണേഷ് പി. രാജ്ഹാന്‍സിന് ജില്ലാകലോത്സവം ഇരട്ടിമധുരമായി. വിദ്യാഭ്യാസം വെറും വിദ്യ-അഭ്യാസമായി മാറി എന്നാണ് വിമര്‍ശന കൂരമ്പെയ്ത്ത്. പാഞ്ചാലി സ്വയംവരകഥയാണ് ചാക്യാര്‍കൂത്തിനായി തെരഞ്ഞെടുത്തത്. സ്വയംവരത്തിന് അണിഞ്ഞൊരുങ്ങിയെത്തുന്ന രാജാക്കന്‍മാരുടെ ആഡംബരവും പൊങ്ങച്ചവും ധൂര്‍ത്തും ശ്രദ്ധേയം. എന്നാല്‍ ഒന്നിനും അറിവും വിവരവുമില്ല. ഇത്തരത്തില്‍ സമകാലിക സമൂഹത്തെ ശക്തമായി വിമര്‍ശിച്ചാണ് ഗണേഷിന്റെ ചാക്യാര്‍കൂത്ത് മൂന്നേറിയത്. കലാമണ്ഡലം അനൂപ് ചന്ദ്രനാണ് ചാക്യാര്‍കൂത്തില്‍ ഗണേഷിന്റെ ഗുരു. രണ്ടുവര്‍ഷമായി ചാക്യാര്‍കൂത്ത് പഠിക്കുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഓട്ടംതുള്ളലിന് എ ഗ്രേഡും ഗണേഷ് നേടി. പാവറട്ടി സെന്റ് ജോസഫ് സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഗണേഷ്. അധ്യാപികയായ സീനയാണ് മാതാവ്.

കാണികളില്ലാതെ നാടകം

കാണികളില്ലാതെ നാടകം

നിലവാരത്തകര്‍ച്ചയും പുതുമയില്ലാത്ത പ്രമേയങ്ങളുമായി കാണികളെ നിരാശപ്പെടുത്തി ജില്ലാ കലോത്സവ നാടകവേദി. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന എച്ച.്എസ്. വിഭാഗം നാടകങ്ങള്‍ക്ക് കലാമൂല്യം കുറവാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. കാണികളും ഏറെ കുറവായിരുന്നു. നാടകം കാണാനെത്തിയവരില്‍ ഏറെയും നാടകത്തെ ഗൗരവമായി സമീപിക്കാനറിയാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളുമായിരുന്നു. ശബ്ദസംവിധാനങ്ങള്‍ ഒരുക്കിയതിലെ പോരായ്മകളും നാടകം കാണുന്നതില്‍ നിന്ന് കാണികളെ അകറ്റി. കാതടപ്പിക്കുന്ന ശബ്ദംമൂലം സംഭാഷണങ്ങള്‍ കേള്‍ക്കാനാവാത്തതും അസഹനീയമായി. ഇതോടെ ഉണ്ടായിരുന്ന കാണികളും സ്ഥലംവിട്ടു. രാവിലെ ഒമ്പതിന് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും മത്സരം നീണ്ടു. പതിനൊന്നിന് ശേഷമാണ് മത്സരം ആരംഭിച്ചത്.

കാണികളുടെ കുറവ് നാടക അവതരണത്തെയും ബാധിച്ചു. പ്രളയം കഴിഞ്ഞുള്ള മേളയില്‍ സ്‌കൂള്‍ നാടക സംഘങ്ങളും ചെലവ് ചുരുക്കിയതോടെ രംഗസംവിധാനങ്ങളും ആകര്‍ഷകമല്ലാതെയായി. കുറ്റമറ്റ രംഗസംവിധാനവും കാണികളെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഒന്നുമില്ലാതെയാണ് പല നാടകങ്ങളും അരങ്ങൊഴിഞ്ഞത്. പുറത്തുനിന്നുള്ള ശബ്ദങ്ങളും വാഹനങ്ങളുടെ ഒച്ചയും നാടകത്തെ ബാധിച്ചു. സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ തൃശൂരിന്റെ നാടകങ്ങള്‍ മുന്‍ പന്തിയിലെത്തുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ നാടകങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ലെന്ന് കാണികള്‍ പറയുന്നു.

ബാത്ത്‌റൂം ഗ്രീന്‍ റൂമായി;വലഞ്ഞ് പെണ്‍കുട്ടികള്‍

ബാത്ത്‌റൂം ഗ്രീന്‍ റൂമായി;വലഞ്ഞ് പെണ്‍കുട്ടികള്‍


പ്രളയം കണക്കിലെടുത്ത് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ റൂമുകള്‍ ഇല്ലാത്തതില്‍ വലഞ്ഞ് വിദ്യാര്‍ഥിനികള്‍. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, ചാക്യാര്‍കൂത്ത് തുടങ്ങിയ ഇനങ്ങളില്‍ മത്സരിച്ച പെണ്‍കുട്ടികളാണ് വസ്ത്രം മാറാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിയത്. ഒടുവില്‍ നൃത്തവേഷങ്ങളുമായി ബാത്ത്‌റൂമിനുള്ളില്‍ കയറേണ്ടിവന്നു. ബാത്ത്‌റൂമിനകത്ത് വേഷം മാറ്റാനും പ്രയാസമേറെയായിരുന്നു. പ്രധാന നൃത്തവേദിയായ സാഹിത്യ അക്കാദമിയില്‍ പോലും ഗ്രീന്‍ റൂം ഉണ്ടായിരുന്നില്ല.

അക്കാദമിയുടെ വരാന്തയാണ് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമായി ഉപയോഗിച്ചത്. വസ്ത്രങ്ങളിലെ വെച്ചുകെട്ടും മേക്കപ്പുമെല്ലാം ജനങ്ങള്‍ക്ക് മുമ്പില്‍ ചെയ്യേണ്ടിവന്നത് പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മേക്കപ്പ് വസ്തുക്കള്‍ വെക്കാനോ ഇരുത്തി മേക്കപ്പ് ചെയ്യാനോ കഴിയാത്ത സാഹചര്യമായിരുന്നു. രണ്ടുബെഞ്ചുകള്‍ക്കു മീതെ കയറ്റി നിര്‍ത്തിയാണ് പലരും വിദ്യാര്‍ഥിനികളെ ഒരുക്കിയത്. അക്കാദമിയുടെ വരാന്തയെങ്കിലും ഒരു തുണിമറ ഉണ്ടാക്കി സ്വകാര്യത ഉണ്ടാക്കാന്‍ സംഘാടകര്‍ ശ്രമിച്ചില്ലെന്ന്് മത്സരാര്‍ഥികള്‍ പരാതിപ്പെട്ടു.

Thrissur
English summary
Flood affaected Thrissur district youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X