എസ്ബിഐ യോനോ ആപ്പിന്റെ പേരില്‍ തട്ടിപ്പ്; നഷ്ടപ്പെട്ടത് 4 ലക്ഷം, തിരിച്ചെടുത്ത് തൃശൂര്‍ പൊലീസ്

തൃശൂര്‍: എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ആയി എന്നും, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ശരിയാക്കിത്തരാം എന്നുമുള്ള വ്യാജ സന്ദേശത്തില്‍ അകപ്പെട്ട് ഗുരുവായൂര്‍ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് നാല് ലക്ഷം രൂപ. എന്നാല്‍ ഈ തുക സമയോചിത പ്രയത്‌നത്തിലൂടെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം തിരിച്ചുപിടിച്ചു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,
കഴിഞ്ഞ ദിവസം എസ് ബി ഐ ബ്രാഞ്ചില്‍ നിന്നാണെന്ന വ്യാജേന എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ആയി എന്ന് എസ് എം എസ് സന്ദേശം ലഭിച്ചത്. സന്ദേശത്തിനോടൊപ്പം നല്‍കിയിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും അതില്‍ ഉണ്ടായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ എസ് ബി ഐയുടേതിന് സമാനമായ ഒരു വെബ്‌സൈറ്റ് തുറക്കുകയും, ശരിയായ എസ് ബി ഐയുടേതാണെന്ന വിശ്വാസത്താല്‍ പാസ് വേഡും, ഓടിപിയും നല്‍കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ബാങ്ക് എക്കൌണ്ടില്‍ സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപ നഷ്ടപെടുകയുണ്ടായി.
തട്ടിപ്പില്‍ അകപ്പെട്ടു എന്നു മനസ്സിലാക്കിയ ഉടന്‍ തന്നെ, പരാതിക്കാരി തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും, പണം നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ടു വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും, സമയോചിതമായ ഇടപെടലിലൂടെ സൈബര്‍ ക്രിമിനലിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കുന്നതിനും, പരാതിക്കാരിയില്‍ നിന്നും നഷ്ടപെട്ട മുഴുവന്‍ തുകയും വീണ്ടെടുക്കുന്നതിനും കഴിഞ്ഞു.
എന്താണ് ഫിഷിങ്ങ്
ഇമെയില്‍, എസ് എം എസ്, സമൂഹ മാധ്യമങ്ങള്‍, വീഡിയോ ഗെയിമുകള്‍ എന്നിവ വഴി ഇരകളെ കണ്ടെത്തുന്നതിനും അവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനും സൈബര്‍ ക്രിമിനലുകള്‍ സ്വീകരിക്കുന്ന രീതിയാണ് ഫിഷിങ്ങ്. ബാങ്കുകളില്‍ നിന്നും നിങ്ങളുടെ പിന്‍ നമ്പര്‍, ഒ ടി പി, ആധാര്‍ നമ്പര്‍, ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടുകയില്ല. ഇത്തരം അപ്‌ഡേഷനുകള്‍ക്ക് ബാങ്ക് ശാഖയെ നേരിട്ട് ബന്ധപ്പെടുക.
സൈബര്‍ ക്രിമിനലുകള്‍ അയക്കുന്ന പ്രീണിപ്പിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ബന്ധപെട്ട അധികൃതരെ നേരില്‍ ബന്ധപ്പെടുക . വ്യാജ വെബ്‌സൈറ്റുകള്‍ മനസ്സിലാക്കുന്നതിന് നിങ്ങളുടെ വെബ് ബ്രൌസറിന്റെ അഡ്രസ്സ് ബാറില്‍ തെളിയുന്ന വെബ് വിലാസം കൃത്യമായി മനസ്സിലാക്കുക .












Click it and Unblock the Notifications