ജോണിന്റെ വളപ്പില്‍ വിളഞ്ഞ ആനക്കൊമ്പന്‍ വെണ്ടക്ക ഗിന്നസ് ബുക്കിലേക്ക്
തൃശൂര്‍: ഒരു ഇഞ്ചിന്റെ കൂടുതല്‍ വലിപ്പവുമായി ജോണിന്റെ വളപ്പില്‍ വിളഞ്ഞ ആനക്കൊമ്പന്‍ വെണ്ടക്ക ഗിന്നസ് ബുക്കിലേക്ക്. കാല്‍ നൂറ്റാണ്ടിലേറെ കാലമായി ജൈവ പച്ചക്കറി കൃഷി നടത്തുന്ന പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി.എഫ്. ജോണ്‍ ഗിന്നസ് ജോണ്‍ എന്ന പേരിലറിയപ്പെടാന്‍ ഇനി അല്പം സാങ്കേതിക നടപടികള്‍ മാത്രം.
ജോണിന്റെ മുറ്റത്തും ടെറസിലും വളര്‍ന്നുനിന്ന ആനക്കൊമ്പന്‍ വെണ്ടയുടെ വിളവെടുത്തപ്പോഴാണ് ജോണ്‍ കൊമ്പന്‍മാരുടെ അളവെടുത്തത്. വിളവെടുപ്പില്‍ കിട്ടിയ അമ്പതോളം ആനക്കൊമ്പന്‍ വെണ്ടയ്ക്കകളില്‍ ഒരുവന്‍ പത്തൊന്‍പത് ഇഞ്ച് വലിപ്പമുള്ളവന്‍. നിലവില്‍ ഗിന്നസ് ബുക്കില്‍ കയറിയ ഏറ്റവും വലിയ വെണ്ടയ്ക്കയുടെ വലിപ്പം പതിനെട്ടു ഇഞ്ചാണ്. ഞെട്ടി മുതലുള്ള അളവെടുത്താല്‍ ജോണിന്റെ കൈവശം ഇപ്പോഴുള്ള വെണ്ടക്കക്ക് വലിപ്പം 21 ഇഞ്ച്.

ലോകത്തെ ഏറ്റവും വലിയ വെണ്ടക്ക കണ്ട് വിലയിരുത്താന്‍ കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. കൃഷി വകുപ്പില്‍ നിന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ ജോണും അദ്ദേഹത്തിന്റെ വെണ്ടക്കയും ഗിന്നസ് ബുക്കിലേക്ക് കയറും. കഴിഞ്ഞവര്‍ഷം ലഭിച്ച വെണ്ടക്കക്ക് നീളം പതിനെട്ടര ഇഞ്ചാണുണ്ടായത്. ജൈവവളം മാത്രമിട്ടാണ് അദ്ദേഹം വെണ്ടക്ക വളര്‍ത്തുന്നത്.
25 വര്‍ഷം മുമ്പാണ് നാടന്‍ വെണ്ടക്ക കൃഷി അദ്ദേഹം ആരംഭിക്കുന്നത്. വിദേശത്തുനിന്നും വിരമിച്ച് നാട്ടിലെത്തിയ ജോണ്‍ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു. വീടുനില്‍ക്കുന്ന സ്ഥലത്തും പുറംപറമ്പുകളിലും നെല്‍ക്കൃഷിയാണ് ആദ്യം തുടങ്ങിയത്. നെല്‍ക്കൃഷി ചെലവും വരവും മുട്ടാതായതോടെ മറ്റു കൃഷികളിലേക്ക് തിരിഞ്ഞു. തെങ്ങുകൃഷിയില്‍ ഒരുകൈനോക്കി. ഇടവിളകളായി മറ്റു പച്ചക്കറികളും ഇറക്കി. ഇപ്പോള്‍ വിവിധയിനം വാഴകള്‍, കൊള്ളി, പയര്‍, മത്തങ്ങ, കുമ്പളങ്ങ, കൂര്‍ക്ക തുടങ്ങി ശുദ്ധമായ കൃഷിയാണ് ജോണിന്റെ പുരയിടങ്ങളില്‍ വിളഞ്ഞുകിടക്കുന്നത്.
നാട്ടില്‍ ജനങ്ങളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളില്‍ കൃഷി ഉദ്യോഗസ്ഥര്‍ മാതൃകയായി കാണിച്ചുകൊടുത്തിരുന്നത് ജോണിനെയാണ്. സമീപവാസികള്‍ക്ക് വിത്തും തൈകളും കൊടുക്കുന്നതിന് അദ്ദേഹത്തിന് യാതൊരു മടിയുമില്ല. നഗരസഭയുടെ മികച്ച ജൈവ സമഗ്ര കൃഷി വിഭാഗത്തില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ പാലയൂര്‍ കാര്‍ഷിക ക്ലബിന്റെ കണ്‍വീനര്‍ കൂടിയാണ് ജോണ്‍. വാകയിലെ പറമ്പില്‍ നെല്‍ക്കൃഷി ചെയ്യുന്ന കാലത്താണ് ആനക്കൊമ്പന്‍ വെണ്ടയുടെ വിത്ത് കിട്ടുന്നത്. പിന്നീടവനെ വിട്ടിട്ടില്ല. കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ചാണ് ജോണ്‍ ജൈവ പച്ചക്കറികൃഷി ചെയ്യുന്നത്.












Click it and Unblock the Notifications