തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപികണ്ണന്‍ ജേതാവായി: ക്ഷേത്രോത്സവത്തിന് കൊടിയേറി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപികണ്ണന്‍ ജേതാവായി. ഏഴാംതവണയാണ് ഗോപികണ്ണന്‍ ജേതാവാകുന്നത്. ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു ആനയോട്ട ആചാരത്തിന്റെ തുടക്കം. നാഴികമണി മൂന്ന് അടിച്ചതോടെ പാരമ്പര്യ അവകാശി കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്റെ നേതൃത്വത്തില്‍ ആനകളെ അണിയിക്കുന്നതിനുള്ള കുടമണികള്‍ പാപ്പാന്മാര്‍ക്ക് എടുത്തുനല്‍കി. തുടര്‍ന്ന് കുടമണികളുമായി ഓടിയെത്തിയ പാപ്പാന്മാര്‍ മഞ്ജുളാല്‍ പരിസരത്ത് നിരയായി നില്‍പ്പുറപ്പിച്ച ഗജങ്ങളെ അണിയിച്ചു.

പാരമ്പര്യാവകാശിയായ മാരാര്‍ ശംഖ് മുഴക്കിയതോടെയാണ് ആനകള്‍ ഓടാന്‍ തുടങ്ങിയത്. ഓട്ടത്തിന്റ തുടക്കം മുതലേ ഗോപികണ്ണനായിരുന്നു മുന്നില്‍. ആവേശക്കുതിപ്പില്‍ കിഴക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച ഗോപികണ്ണന്‍ ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം ചെയ്ത് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കി. പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി വിജയിയായ ആനയെ നിറപറവച്ച് സ്വീകരിച്ചു. രണ്ടാമതായി പിടിയാന നന്ദിനിയും തൊട്ടുപുറകിലായി കൊമ്പന്‍ അച്യുതനും ഓടിയെത്തി. ഗുരുവായൂര്‍ ദേവസ്വത്തിലെ 48 ആനകളില്‍ 22 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്.

elephant

പങ്കെടുത്ത മുഴുവന്‍ ആനകള്‍ക്കും ക്ഷേത്രത്തിന് പുറത്ത് വടക്കേനടയില്‍ ആനയൂട്ട് നല്‍കി. ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ഗോപികണ്ണനാണ് ഭഗവാന്റെ തങ്കത്തിടമ്പേറ്റുക. വിദേശികളടക്കം വന്‍ ജനാവലി ആനയോട്ടം കാണാന്‍ ഗുരുവായൂരിലെത്തിയിരുന്നു. കിഴക്കേനടയിലെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ജനങ്ങള്‍ നേരത്തേ സ്ഥാനംപിടിച്ചു. റോഡിനിരുവശങ്ങളിലും ബാരിക്കേഡുകള്‍ കെട്ടിയാണ് കാണികളെ നിയന്ത്രിച്ചത്. ഗുരുവായൂര്‍ എ.സി.പി. പി.എ. ശിവദാസന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്.

guruvayoor

ക്ഷേത്രോത്സവ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ആചാരപ്പെരുമയോടെ നടന്ന ആനയില്ലാ ശീവേലി ഭക്തിനിര്‍ഭരം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉത്സവാരംഭ ദിവസം ആനയില്ലാതെ വന്നപ്പോള്‍ തൃക്കണാമതിലകത്തുനിന്ന് ആന ഓടിയെത്തിയെന്ന പൗരാണികതയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ഉത്സവത്തിന്റെ ആദ്യദിനം രാവിലെയുള്ള ശീവേലിക്ക് ഗതകാല സ്മരണ പുതുക്കല്‍ എന്ന വിശേഷണവുമുണ്ട്.

കഴകക്കാരായ വാര്യര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളി കുത്തുവിളക്കുകളില്‍ ദീപംതെളിച്ച് ശീവേലിക്ക് അണിനിരന്നു. ശാന്തിയേറ്റ കീഴ്ശാന്തി നാകേരി ഹരിനമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്തുപിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവച്ച് ചടങ്ങ് പൂര്‍ത്തീകരിച്ചു. നാമജപവും വാദ്യവും ആനയില്ലാ ശീവേലിക്ക് അകമ്പടിയായി. വര്‍ഷത്തിലൊരുതവണ മാത്രം നടത്തുന്ന ആനയില്ലാ ശീവേലി ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ എത്തിയിരുന്നു. ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ ക്ഷേത്രപരിസരത്തു നിന്ന് ആനകളെ മാറ്റിനിര്‍ത്തുകയുണ്ടായി.

guruvayoor

രാത്രി ക്ഷേത്രംതന്ത്രി സ്വര്‍ണ ധ്വജസ്തംഭത്തില്‍ സപ്തവര്‍ണക്കൊടിയേറ്റിയത്. കൊടിയേറ്റത്തിന് മുന്നോടിയായി ദീപാരാധനയ്ക്കുശേഷം കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തി. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ യുമുണ്ടായി. ഇന്നുരാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ഉത്സവത്തിന്റെ സവിശേഷതയായ 'പകര്‍ച്ച' സദ്യയും ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കും രാത്രി ചോറും രസകാളനുമാണ് പകര്‍ച്ചയുടെ വിഭവങ്ങള്‍. ഇടിച്ചക്കയും മുതിരയുംകൊണ്ടാണ് കഞ്ഞിയുടെ പുഴുക്ക്. അതിനുപുറമെ തേങ്ങാപ്പൂള്, ശര്‍ക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും വിഭവങ്ങളായുണ്ടാകും. ഉത്സവം എട്ടാം നാള്‍ വരെയാണ് കഞ്ഞിയും പകര്‍ച്ചയും. ഈ മാസം 26ന് ആറാട്ടോടെയാണ് ഉത്സവം കൊടിയിറങ്ങുക.

Thrissur
English summary
gopikannan won first prize in guruvayoor elephant race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X