• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഴുക്കുചാലുകളും മാലിന്യക്കൂനകളും ഇനി പഴങ്കഥകള്‍; വികസന നിറവില്‍ ഗുരുവായൂര്‍: ക്ഷേത്രനഗരിക്ക് പുതിയമുഖം

തൃശൂര്‍: തീര്‍ത്ഥാടന നഗരിയായ ഗുരുവായൂരിന് ഇനി പുതിയമുഖം. അഴുക്കുചാലുകളും മാലിന്യക്കൂനകളും പഴങ്കഥകള്‍ മാത്രമാക്കി തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്നീ ക്ഷേത്രനഗരി. മാലിന്യസംസ്‌കരണം, നഗരവികസനം, കുടിവെള്ള പദ്ധതി, ആരോഗ്യ-കായിക-കാര്‍ഷിക-വിദ്യാഭ്യാസ രംഗം, ലൈഫ് മിഷന്‍ എന്നിങ്ങനെ വിവിധ മേഖലകളിലും 'ഗുരുവായൂര്‍ മോഡല്‍' മാതൃകയാണ്.

ലക്ഷക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന ഗുരുവായൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നഗരസഭ നഗരകാര്യ വകുപ്പ് നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. 203.10 കോടി രൂപയുടെ അമൃത് പദ്ധതി ഗുരുവായൂരില്‍ പകുതിയിലേറെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതോടെ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ നഗരങ്ങളില്‍ രണ്ടാമതായി ഗുരുവായൂര്‍ മാറി. ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കി ബയോ പാര്‍ക്ക് ആക്കിയ 'ഗുരുവായൂര്‍ മാതൃക' സംസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു.

ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് പുതിയ ബസ് ടെര്‍മിനലും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്‌സും ഗുരുവായൂരിന്റെ സ്വപ്ന പദ്ധതികളാണ്. ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, ഐഡിയല്‍ ബസ് പാര്‍ക്കിംഗ് സംവിധാനം, എസ്‌കലേറ്ററുകള്‍, പാര്‍ക്കിംഗ് ഏരിയ, ശീതീകരിച്ച റസ്റ്റോറന്റ്കള്‍, മിനി തീയറ്ററുകള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയടങ്ങുന്ന ബസ് ടെര്‍മിനലിന്റെ പ്രാഥമിക നിര്‍മാണ നടപടികള്‍ പൂര്‍ത്തീകരിച്ചു. 37500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് 84 ഷോപ്പുകള്‍ അടങ്ങുന്ന ആധുനിക സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടസമുച്ചയം. നാല് ഫുഡ് കോര്‍ട്ടുകള്‍, ആറ് ലിഫ്റ്റുകള്‍, ഓപ്പണ്‍ ഡൈനിങ് സംവിധാനം, 400 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് എന്നിങ്ങനെ മികച്ച മാതൃകയിലാണ് സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം പുരോഗമിക്കുന്നത്.

ഗുരുവായൂരിലെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് പ്രസാദ് പദ്ധതിയുടെ ഭാഗമായി 13.42 കോടി ചിലവിലാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിച്ചത്. കോഫി ഷോപ്പുകള്‍, ബുക്ക് ഷോപ്പുകള്‍, ഇന്റര്‍നെറ്റ് കഫേ, ഡോര്‍മെട്രികള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, കരകൗശല വിപണനശാല എന്നിവയടങ്ങുന്ന കേരളത്തിലെ തന്നെ മികവാര്‍ന്ന ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഒന്നാണ് ഗുരുവായൂരിലേത്. മൂന്നു കോടി ചെലവഴിച്ച് 13805 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായി തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ക്കും വിശ്രമത്തിനുമായി അമിനിറ്റി സെന്റര്‍ നിര്‍മാണവും പൂര്‍ത്തീകരിച്ചു. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കോംപ്ലക്‌സ് നിര്‍മാണം പുരോഗമിക്കുന്നു.

ഗുരുവായൂര്‍ക്കാര്‍ക്ക് പുറമെ നഗരത്തിലെത്തുന്ന ജനങ്ങള്‍ക്കും ശുദ്ധജലസമൃദ്ധി ഉറപ്പാക്കി. ജലത്തെ ആസ്പദമാക്കി വികസന കാഴ്ചപ്പാട് മുന്നോട്ടു വെച്ച ഗുരുവായൂരിന്റെ 2017-18 ലെ 'ജലബജറ്റ്' ദേശീയ ശ്രദ്ധ നേടിയിരുന്നു. ജലഓഡിറ്റ് തയ്യാറാക്കുകയും പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. 2050 ഭാവി ഗുരുവായൂരിലെ ജല ആവശ്യകത ഉറപ്പുവരുത്തുന്നത് ലക്ഷ്യംവെച്ച് 151 കോടി രൂപയ്ക്ക് കേരളത്തിലെ ഏറ്റവും സമഗ്രമായ കുടിവെള്ള പദ്ധതി ഗുരുവായൂരില്‍ വരുന്നു. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് 1.5 കോടി ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്.

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലായിരുന്നപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ആദ്യ ക്വാറന്റീന്‍ സെന്ററുകള്‍ ഒരുക്കിയതും ഗുരുവായൂരാണ്. ലോക് ഡൗണ്‍ കാലയളവില്‍ ദിവസവും മൂവായിരത്തോളം പേര്‍ക്ക് ഗുരുവായൂരിലെ സമൂഹ അടുക്കള ഭക്ഷണമെത്തിച്ചു. ലൈഫ് മിഷന്‍ വഴി ആയിരത്തിലേറെ വീടുകള്‍ നിര്‍മിച്ച് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എന്ന ലക്ഷ്യത്തിലേക്ക് ഗുരുവായൂര്‍ എത്തിനില്‍ക്കുന്നു. കൂടാതെ നഗര സൗന്ദര്യവല്‍ക്കരണത്തിന് ബ്രഹ്മകുളം പാര്‍ക്ക് നിര്‍മ്മാണം, ചാവക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണം, ഭഗത് സിംഗ് ഗ്രൗണ്ട് നവീകരണം, പൂക്കോട് സാംസ്‌കാരികനിലയം ഗ്രൗണ്ട് നവീകരണം, ഷീ ലോഡ്ജ്, പൂക്കോട്, ചൂല്‍പ്പുറം പാര്‍ക്കുകളുടെ നവീകരണം എന്നിവയും നടപ്പിലാക്കി വരുന്നു. പൂക്കോട്, തൈക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം, പ്രീപെയ്ഡ് ഓട്ടോ പോലുള്ള ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യ വികസനത്തിനായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂരില്‍ പൂര്‍ത്തിയായി. എന്‍യുഎല്‍എം പദ്ധതിയില്‍ 3.75 കോടി ചിലവില്‍ ഷോര്‍ട്ട് ഹോംസ്റ്റേ നിര്‍മിക്കും.

നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവിട്ടു ക്രിമിറ്റോറിയം നവീകരിച്ചു. പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുമാറ്റി മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവില്‍ ശൗചാലയം, ഇന്നര്‍ റിങ് റോഡിലെ നടപ്പാത, സൗന്ദര്യവല്‍ക്കരണം, പാര്‍ക്കുകള്‍ എന്നിവയുടെ നിര്‍മാണ നടപടികള്‍ സ്വീകരിച്ചു വരുന്നു. നഗരസഭയിലെ മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അറിയിച്ചു.

Thrissur

English summary
Guruvayur Municipality has implemented several development projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X