തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൊ! എന്തൊരു ചൂട്: കേരളത്തില്‍ കൊടുംചൂട്... വേനല്‍ തുടങ്ങിയപ്പോഴേക്കും സംസ്ഥാനമൊട്ടാകെ അസഹനീയമായ ചൂട്, സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയത്തിനുശേഷം കേരളത്തില്‍ കൊടുംചൂട്. വേനല്‍ തുടങ്ങിയപ്പോഴേക്കും സംസ്ഥാനമൊട്ടാകെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയിലും കനത്തചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതം കരുതിയിരിക്കണം. പ്രളയശേഷം കാലാവസ്ഥാ മാറ്റം. ജലാശയങ്ങള്‍ വറ്റിവരണ്ടു. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ താപനില കൂടിയതു മൂന്നു ഡിഗ്രി വരെ. മധ്യകേരളത്തില്‍ ശരാശരി രണ്ടു ഡിഗ്രി വര്‍ധന. കൊടുംചൂട് നാലാഴ്ചത്തേക്കു തുടരാന്‍ സാധ്യത.

സര്‍ക്കാരിന്റെ ആയിരം ദിനം: കൊല്ലം ജില്ലാതല ആഘോഷത്തിന് തുടക്കമായി, ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു!!

വേനല്‍മഴ ഉടനെത്തിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരിക 2015-നു ശേഷമുള്ള കൊടിയ വേനല്‍. പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തം കണ്‍മുന്നിലെന്നു കാലാവസ്ഥാ നിരീക്ഷകര്‍. കാലവര്‍ഷം താരതമ്യേന നേരത്തേ പെയ്തൊഴിഞ്ഞതു വരാനിരിക്കുന്ന വേനലിന്റെ സൂചനയായിരുന്നു. ജനുവരി ഒന്നു മുതല്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായി. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തിലേക്കു വരണ്ട വടക്കുകിഴക്കന്‍ കാറ്റ് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. തണുപ്പുകാലം വിടവാങ്ങും മുന്‍പേ വേനലെത്തിയതോടെ കേരളം ചുട്ടുപഴുക്കുകയാണ്. വയനാട് വരണ്ടുണങ്ങിക്കഴിഞ്ഞു. വേനല്‍മഴയെത്താന്‍ െവെകിയാല്‍ മുഴുവന്‍ ജില്ലകളിലും ഇക്കൊല്ലം ചൂട് പുതിയ റെക്കോഡിലെത്തും. കൃത്യമായെത്തിയാല്‍പ്പോലും ഇടവപ്പാതിക്ക് ഇനി മൂന്നു മാസമുണ്ട്.

Heat

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്തു വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേക്കും പ്രകൃതിയുടെ ഭാവം മാറി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 38.2 ഡിഗ്രിയായിരുന്നു ചൂട്. മാര്‍ച്ച് 21 വരെ സൂര്യരശ്മികള്‍ തീക്ഷ്ണമായി പതിക്കുമെന്നതിനാല്‍ ചൂട് ഇനിയുമുയരും. വയനാട്ടില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തതോടെ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്. ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവര്‍ നേരിട്ടുള്ള ചൂടേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2015-ലെ കഠിനമായ ചൂടില്‍ രാജ്യത്താകെ 3302 പേര്‍ മരിച്ചെന്നാണ് ഇന്റര്‍നാഷണന്‍ ഡാറ്റാബേസിലെ കണക്ക്. മഹാരാഷ്്രടയിലെ നാഗ്പുര്‍ പൊള്ളിക്കുടുന്നു- 47.1 ഡിഗ്രി സെല്‍ഷ്യസ്. ചിലയിടങ്ങളില്‍ 48 ഡിഗ്രി വരെയെത്തിയിരുന്നെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 1998, 2002, 2003 വര്‍ഷങ്ങളില്‍ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെട്ടിരുന്നു. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 2541, 1030, 1210 പേര്‍ മരിച്ചെന്നാണു കണക്ക്. ചൂടുകാറ്റിന്റെ തീവ്രതയും ആവൃത്തിയും ഇനിയും വര്‍ധിക്കുമെന്നാണ് ബോംബെ ഐ.ഐ.ടി, ടി.ഐ.എസ.്എസ്, ഓസ്ട്രേലിയ മൊണാഷ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരുടെ കണ്ടെത്തല്‍.

വേനലെത്തും മുമ്പ് പാലക്കാട്ട് താപനില 40 ഡിഗ്രിയിലെത്തി. ഇതോടെ ജില്ല വെന്തുരുകുന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ് ഇന്നലെ ഉയര്‍ന്ന ചൂട് 40 ഡിഗ്രി രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 24 ഡിഗ്രി. ആര്‍ദ്രത 32 ഡിഗ്രി. വെള്ളിയാഴ്ച താപനില 39 ഡിഗ്രിയായിരുന്നു. ഈമാസം ഇതുവരെ അഞ്ചുതവണയാണ് 39 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 14നാണ് ആദ്യം 39 ഡിഗ്രി രേഖപ്പെടുത്തിയത്. തുടര്‍ന്ന് 15, 18, 20, 22 ദിവസങ്ങളിലും ചൂട് 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. 16, 17, 21 ദിവസങ്ങളില്‍ 38 ഡിഗ്രിയും 19ന് 37 ഡിഗ്രിയുമായിരുന്നു ഉയര്‍ന്ന താപനില.

സാധാരണ മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ ചൂട് കനക്കാറുള്ളത്. എന്നാല്‍ പ്രളയാനന്തരം മഴ ലഭിക്കാത്തതും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ഇത്തവണ ഫെബ്രുവരിയില്‍ തന്നെ വേനല്‍ ചുട്ടുപൊള്ളിക്കുന്നു. പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്തവിധത്തിലുളള ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയും ചൂടിന് ശമനമില്ല.

വേനല്‍ കനത്തതോടെ അട്ടപ്പാടി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്ന് വനപ്രദേശങ്ങളും ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയും നശിച്ചു. പാലക്കാട് നഗരസഭയുടെ കീഴിലുളള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലും കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായി. രണ്ടു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വനപ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാവുന്നു. ജലാശയങ്ങള്‍ വരണ്ടു തുടങ്ങിയത് നെല്‍കര്‍ഷകര്‍ക്കും തിരിച്ചടിയായി.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂര്‍ പന്തല്ലൂര്‍ പാടത്ത് വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഠിനമായ വെയിലേറ്റതിന്റെ പൊള്ളലുകളാണ് ശരീരത്തിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.പന്തല്ലൂര്‍ പൂങ്ങാട്ട് മാധവനെ (57) യാണ് കഴിഞ്ഞദിവസം പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. തീപിടിത്തത്തിനിടെ പൊള്ളലേറ്റ് മരിച്ചെന്നായിരുന്നു ആദ്യത്തെ നിഗമനം. ശരീരത്തില്‍ മരണകാരണമാകുന്ന രീതിയില്‍ തീപ്പൊള്ളലേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാഞ്ഞത് സംശയത്തിനിടയാക്കി. ഉയര്‍ന്ന രീതിയില്‍ വെയിലിന്റെ കാഠിന്യം അനുഭവപ്പെടുന്ന സമയത്താണ് ഇയാള്‍ പാടത്ത് പണിയെടുത്തിരുന്നത്.

ഇതിനിടയില്‍ തളര്‍ന്ന് വീണിട്ടുണ്ടാകുമെന്നും ഹൃദയസ്തംഭനംമൂലം മരണം സംഭവിച്ചിട്ടുണ്ടാകുമെന്നുമാണ് നിഗമനം. വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെയാണ് മാധവനെ വീട്ടുകാര്‍ അന്വേഷിച്ചത്. രാത്രിയില്‍ പാടത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉച്ചസമയങ്ങളില്‍ സൂര്യരശ്മി നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് എസ്.എച്ച്.ഒ. കെ.ജി. സുരേഷ് പറഞ്ഞു. മരിച്ച മാധവന്റെ ഭാര്യ: പരേതയായ മാധവി. മക്കള്‍: ശശി, സുരേഷ്, പത്മിനി, ഉഷ, ഷൈല.

വേനല്‍ കടുത്തതോടെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. വെള്ളിയാഴ്ച പുതൂര്‍ റെയ്ഞ്ചിന് കീഴില്‍ വെന്തവട്ടി, കുന്നന്‍ചാള, ഭൂതിവഴിയിലും അഗളി റെയ്ഞ്ചിന്റെ കീഴില്‍ കള്ളമല, പുതുപ്പെട്ടിമല, പ്ലാമരം എന്നിവിടങ്ങളിലും കാട്ടുതീ പടര്‍ന്നു. പുതൂര്‍ വെന്തവട്ടിയിലുണ്ടായ കാട്ടുതീയില്‍ ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു. വനംവകുപ്പ് പുതൂര്‍ റെയ്ഞ്ച് അധികൃതര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അഗളി കുന്നന്‍ചാള, ഭൂതിവഴി എന്നിവിടങ്ങളില്‍ ഏക്കറുകണക്കിന് വനഭൂമിയും സ്വകാര്യവ്യക്തികളുടെ കൃഷിയിടവുമാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് തീപിടുത്തമുണ്ടായത്.

നാട്ടുകാരെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റത്ത് തീ പടരുകയായിരുന്നു. തുടര്‍ന്ന് അഗളി പോലീസ് സ്‌റ്റേഷനിലും, വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചെങ്കിലും ഉടന്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. അട്ടപ്പാടി അഗളി റെയ്ഞ്ചില്‍ സംയുക്ത വന പരിപാലന പ്രദേശങ്ങളില്‍ ഫയര്‍ലൈന്‍ എടുക്കാത്തതാണ് തീ വ്യാപകമാവാന്‍ കാരണമെന്ന് പറയുന്നു. അഗളി പഞ്ചായത്ത് ഓഫീസിനു മുകള്‍ ഭാഗത്തുണ്ടായ കാട്ടുതീയില്‍ 50 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. ശിരുവാണി പുഴയില്‍നിന്നുളള കൃഷിക്കുള്ള പമ്പിങ്ങ് സംവിധാനവും കത്തിപ്പോയി. നെല്ലിപ്പതി ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.

സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജനവാസ മേഖലയോട് ചേര്‍ന്നുകിടക്കുന്ന വനമേഖലയില്‍ ഫയര്‍ലൈന്‍ സ്ഥാപിക്കുന്നതടക്കം കാട്ടുതീ തടയുന്നതിന് നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിരുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ചുട്ടുപൊള്ളുന്ന വേനലില്‍നിന്നും ജലജന്യരോഗങ്ങളില്‍നിന്നു രക്ഷനേടാന്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശമുണ്ട്. വഴിയോരങ്ങളില്‍ വിലക്കുറവില്‍ ലഭിക്കുന്ന ശീതളപാനീയങ്ങളെ ആശ്രയിക്കുമ്പോഴും മുന്‍കരുതല്‍ വേണം. രുചിയും നിറവും വര്‍ധിപ്പിക്കാന്‍ ഇവയില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വേനല്‍ക്കാലത്ത് വിവിധയിടങ്ങളില്‍ കാണപ്പെടുന്ന വഴിയോര കച്ചവടക്കാര്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്. ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികള്‍, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കേണ്ടതാണ്. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെടാത്തത് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്നു. ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെടാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Thrissur
English summary
Heavy heat in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X